
മനോജ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് കളം ഒരുക്കാനായി നാളെ കേരളത്തില്‍ എത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നീക്കങ്ങള്‍ ഫലം കാണില്ലാ എന്ന് സൂചന. ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി കൂടിക്കാണാനാണ് അമിത് ഷാ പ്രധാനമായും കേരളത്തില്‍ എത്തുന്നത്. മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് തത്ക്കാലം മുസ്ലിം നേതൃത്വത്തെ ഒഴിവാക്കി ക്രിസ്ത്യന്‍ നേതൃത്വവുമായി ധാരണ ഉണ്ടാക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ കൃസ്ത്യന്‍ സഭാ നേതൃത്വവുമായി ഒരു കൂടിക്കാഴ്ചയാണ് അമിത്ഷാ ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യമാണ് ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ എതിര്‍പ്പ് കാരണം ഫലം കാണാതെ പോകുന്നത്.
ഇതുവരെ സഭാ നേതൃത്വം നാളെ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളിയിട്ടില്ല. കാരണം ബിജെപിക്ക് ഒരു പൊളിറ്റിക്കല്‍ മൈലേജ് കിട്ടുന്ന ഈ കൂടിക്കാഴ്ചയോട് സഭാ നേതൃത്വത്തിനു വിമുഖതയുണ്ട്. കാരണം അമിത്ഷാ വരുന്നത് രാഷ്ട്രീയ നീക്കങ്ങള്‍ ലക്ഷ്യമിട്ടാണ് എന്ന് സഭാ നേതൃത്വത്തിനു അറിയാം. അപ്പോള്‍ അമിത് ഷായുടെ ചൂണ്ടയില്‍ കൊത്തുന്നത് എന്തിനു എന്ന ചോദ്യമാണ് സഭാ നേതൃത്വത്തിനുള്ളില്‍ മുഴങ്ങുന്നത്.
ബിജെപിയുമായി ഒരു കൂട്ടുകെട്ടിനോ, ധാരണയ്ക്കോ തത്ക്കാലം സഭാ നേതൃത്വം ഒരുക്കമല്ല. പക്ഷെ സഭാ നേതൃത്വത്തിനു ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ആ ലക്ഷ്യങ്ങള്‍ ഫലം കാണാന്‍ അമിത് ഷായെ കണ്ടേ തീരൂ. പക്ഷെ അത്തരം ഒരു കൂടിക്കാഴ്ചയെ രാഷ്ട്രീയ നീക്കവുമായി ചേര്‍ത്ത് വായിക്കാന്‍ സഭാ നേതൃത്വത്തിനു താത്പര്യമില്ല.
പക്ഷെ കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അധ്യക്ഷനെ കാണാതിരിക്കേണ്ട കാര്യവുമില്ലാ എന്ന് സഭാ നേതൃത്വം കണക്കുകൂട്ടുന്നു. അപ്പോള്‍ വ്യത്യസ്ത ലക്ഷ്യങ്ങളുമായാണ് ഇരുവിഭാഗവും നാളത്തെ കൂടിക്കാഴ്ചയെ കാണുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിനു അമിത്ഷായ്ക്ക് മുന്നില്‍ സഭാ നേതൃത്വത്തിനെ എത്തിക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസം. കൂടിക്കാഴ്ചയുടെ മറവില്‍ സഭാ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ട്, അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന് അവകാശവാദം ഉന്നയിക്കാന്‍ കഴിയും.
സഭാ നേതൃത്വത്തിനു ആണെങ്കില്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണം. അതിനായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്റെ പിന്തുണ തേടണം. ഇത് കൂടാതെ പുതിയ മാര്‍പ്പാപ്പ പോപ് ഫ്രാന്‍സിസ് ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല. പോപ് ഫ്രാന്‍സിസിനെ ഇന്ത്യയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കണം. ഇത് സഭാ നേതൃത്വത്തിനു ആഗ്രഹമുണ്ട്. ഈ കാര്യത്തിനു കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അധ്യക്ഷന്റെ സഹായം വേണം.
ഇത്തരം കാര്യങ്ങള്‍ക്ക് അവര്‍ക്ക് അമിത് ഷായെ കാണണം. ഇത്തരം കാര്യങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള സഭാ നേതാക്കള്‍ അമിത് ഷായെ കാണാന്‍ സന്നദ്ധരാകുകയും ചെയ്യും. പക്ഷെ ബിജെപിയുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടിനോ, കൂടിക്കാഴ്ച ഈ രീതിയിലോ വളച്ചൊടിക്കുന്നതില്‍ സഭാ നേതൃത്വത്തിനു താത്പര്യമില്ല. ബിജെപി ഇത് വളച്ചൊടിക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് സഭാ നേതൃത്വം കൂടിക്കാഴ്ചയ്ക്ക് സന്നദ്ധരാകാതിരിക്കുന്നത്.
ബിജെപി സംസ്ഥാന നേതൃത്വമോ? കഴിഞ്ഞ രണ്ടാഴ്ചയായി വളരെ പരിതാപകരമായ അവസ്ഥയിലാണ് അവര്‍. ബിജെപി അധ്യക്ഷന്‍ എത്തുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് സഭാ നേതാക്കള്‍ വേണം. ഇത് നിര്‍ബന്ധമാണ്. അതിനുവേണ്ടി ബിജെപി സംസ്ഥാന നേതൃത്വം ക്രിസ്ത്യന്‍ അരമനകള്‍ തോറും നിരന്തര പര്യടനത്തിലായിരുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് സഭാ നേതാക്കള്‍ വേണം എന്ന ഒരൊറ്റ ലക്ഷ്യം മുന്‍ നിര്‍ത്തി . പക്ഷെ ബിജെപി കൂട്ടുകെട്ട് തത്ക്കാലം പരിഗണനയില്‍ ഇല്ലാത്തതിനാല്‍ സഭ ഈ ആവശ്യത്തിനു നേരെ മുഖം തിരിക്കുകയായിരുന്നു. ഇതാണ് ബിജെപി നേതാക്കളുടെ അവസ്ഥ പരിതാപകരമാക്കിയത്. സഭാ നേതാക്കളുടെ ഈ നിലപാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം അടക്കമുള്ള നേതാക്കളെ പൂര്‍ണ്ണ പ്രതിസന്ധിയില്‍ അകപ്പെടുത്തി.
സഭാ നേതൃത്വം പൂര്‍ണ്ണ വിമുഖതയാണ് ഇക്കാര്യത്തില്‍ കാണിച്ചത്. അപ്പോള്‍ രണ്ടു തരത്തിലുള്ള എതിര്‍പ്പ് ബിജെപിയില്‍ പൊട്ടിപ്പുറപ്പെട്ടു. താത്പര്യമില്ലാത്ത സഭാ നേതൃത്വത്തെ എന്തിനു ബിജെപി അധ്യക്ഷന്‍ മുന്നില്‍ അണിനിരത്താന്‍ ശ്രമിക്കണം. മറ്റൊന്ന് ഹിന്ദുത്വ അജണ്ട പ്രഖ്യാപിക്കുകയും, സഭാ നേതാക്കളുമായി കൂടിക്കാണാന്‍ രഹസ്യമായി ശ്രമിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ്. ഈ രണ്ടു പ്രശ്നങ്ങള്‍ കാരണം ബിജെപി നേതാക്കള്‍ ഈ കാര്യത്തില്‍ രണ്ടു തട്ടിലായി.
മറ്റൊരു എതിര്‍പ്പ് കൂടി കുമ്മനം അടക്കമുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരിടേണ്ടി വന്നു. കാരണം ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി അടുക്കാന്‍ തിരുവല്ലാക്കാരനായ ഇടനിലക്കാരന്റെ പിന്തുണ കുമ്മനം അടക്കമുള്ള നേതാക്കള്‍ തേടുന്നതെന്തിന്?
ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി അടുക്കാന്‍ പി.സി.തോമസും, അല്‍ഫോണ്‍സ് കണ്ണന്താനവും ഉണ്ട്. അവര്‍ക്കാണ് സഭാ നേതൃത്വവുമായി അടുപ്പവും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് സാധ്യതയും ഉള്ളത്. അവരെ ഇരുവരെയും ഒഴിവാക്കിയാണ് ഇടനിലയായി ആരോപണ വിധേയനായ ഒരാളെ ബിജെപി സംസ്ഥാന നേതൃത്വം കൂടെ കൂട്ടുന്നത്. ഇദ്ദേഹം ആണെങ്കില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ബിനാമിയാണ് എന്ന ആക്ഷേപവും ഉണ്ട്.
ചിദംബരവുമായി ബന്ധമുള്ള ഈ വ്യക്തിയെ എന്തിനു ബിജെപിയുടെ രഹസ്യ നീക്കങ്ങള്‍ക്ക് ഒപ്പം കൂട്ടുന്നു എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തിയത്. ഇതും കുമ്മനം അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് മറ്റൊരു പ്രതിബന്ധം തീര്‍ക്കുകയും ചെയ്തു.
എന്തായാലും നാളെ അമിത് ഷാ കേരളത്തില്‍ എത്തുകയാണ്. ലക്ഷ്യം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്കം മാത്രം. നിര്‍ണ്ണായകമായ ഈ വരവില്‍ അമിത് ഷായുടെ ലക്ഷ്യങ്ങള്‍ ഫലം കാണുമോ? ഇതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.