ആനി ഇന്റർനാഷണൽ മടിച്ചി

0
463

വ്യായാമം ചെയ്യുന്ന കാര്യത്തിൽ താൻ ഇന്റർനാഷണൽ മടിച്ചിയാണെന്ന് നടി ആനി. വെള്ളിത്തിരയിൽ നിന്ന് വിട്ട് നിന്ന താരം അടുത്തിടെ മിനിസ്‌ക്രീനിലൂടെ വീണ്ടും സജ്ജീവമായതോടെയാണ് വ്യായാമം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം സ്‌ക്രീനിൽ തന്നെ കണ്ട്   ഞെട്ടിയെന്ന് താരം പറഞ്ഞു. ദിവസവും അരമണിക്കൂർ ട്രെഡ്മില്ലിൽ നടക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി പ്രത്യേകിച്ചൊന്നും താരം ചെയ്യാറില്ല. മനസ് എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതായിരിക്കാം സൗന്ദര്യരഹസ്യം. തന്റെ നല്ല സ്‌കിന്നാണെന്ന് പലരും പറയാറുണ്ടെന്നും താരം പറഞ്ഞു.

പ്രാർത്ഥനയും ധ്യാനവും നടത്താറുണ്ട്. ആറ് മാസം കൂടുമ്പോൾ ഹെൽത്ത് ചെക്കപ്പുകൾ നടത്താറുണ്ട്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ വാങ്ങി കഴിക്കാറില്ല. ഒരു വർഷമാണ് ആനി സജീവമായി സിനിമയിൽ ഉണ്ടായിരുന്നത്. എട്ട് സിനിമകളിൽ നായികയായി. എന്നിട്ടും ആനിയെ മലയാളികൾ മറന്നില്ല. അമൃതയിൽ കുക്കറി ഷോ തുടങ്ങിയപ്പോഴാണ് അക്കാര്യം മനസിലായതെന്ന് താരം പറഞ്ഞു. മാതാ അമൃതാനന്ദമയി ഭക്തയാണ് ആനി. അമ്മയുടെ നിർദ്ദേശപ്രകാരമാണ് ഷോ തുടങ്ങിയത്.

ഉപ്പ്, എണ്ണ, മസാല എന്നിവയെല്ലാം പരമാവധി കുറച്ചാണ് താരം പാചകം ചെയ്യുന്നത്. എരിവ് ഇഷ്ടമാണെങ്കിലും ഇപ്പോഴതും കുറച്ചു. കറിപ്പൊടികളൊന്നും വാങ്ങാറില്ല. മസാലപ്പൊടികൾ വീട്ടിൽ തന്നെ പൊടിക്കും. എരിവ് കുറഞ്ഞ കാശ്മീരി മുളക് പൊടിയാണ് ഉപയോഗിക്കുന്നത്. വീടിന്റെ പരിസരത്ത് പേര, ചാമ്പ, മാവ്, പ്ലാവ് എല്ലാം നട്ട് പിടിപ്പിച്ചിട്ടുണ്ട്. അവയാണ് കുട്ടികൾക്ക് നൽകാറ്. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിക്കാറില്ലെന്നും താരം പറഞ്ഞു.