ഇന്ന് മുതൽ സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇ-ടിക്കറ്റിങ് വരുന്നു

0
144

പ്രേക്ഷകർക്ക് ഒരു പക്ഷെ അവിശ്വസനീയമായ ബോക്‌സ് ഓഫീസ് തള്ളലുകൾ ഇനി ഉണ്ടാവില്ല. കേരളത്തിലെ സിനിമാ തിയറ്ററുകളിൽ ഇ-ടിക്കറ്റിങ് ഇന്നുമുതൽ. ആദ്യം കേരള ചലച്ചിത്ര വികസന കോർപറേഷന്റെ (കെ എസ് എഫ് ഡിസി) തിയറ്ററുകളിൽ. തിരുവനന്തപുരം കൈരളി കോംപ്ലക്‌സിൽ ഇന്നും മറ്റു തിയറ്ററുകളിലേക്ക് ഒരാഴ്ചയക്കകം ഇ-ടിക്കറ്റിങ് വികസിപ്പിക്കും.

ഇതോടെ എത്രപേർ സിനിമ കണ്ടുവെന്ന കൃത്യമായ കണക്കു വരും. നികുതി കണിശമായി ഖജനാവിലെത്തും. തിയറ്റർ വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ചലച്ചിത്ര മേഖലയിൽ സുതാര്യത വരും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു തിയറ്ററുകളിൽ ഇ-ടിക്കറ്റിങ് നടപ്പാക്കാൻ തീരുമാനിച്ചതെങ്കിലും ഒരു വിഭാഗം തിയറ്റർ ഉടമകളുടെ എതിർപ്പുമൂലം ഇത് വൈകുകയായിരുന്നു.

സംസ്ഥാനത്തെ 570 തിയറ്ററുകളെയും സോഫ്റ്റ്വെയർ ഉപയോഗിച്ച് ഏക സെർവറുമായി ബന്ധിപ്പിക്കുകയാണ് ഇ-ടിക്കറ്റിങ് ചെയ്യുന്നത്. ഇൻഫർമേഷൻ കേരള മിഷനാണു പദ്ധതിയുടെ സാങ്കേതിക ചുമതല. നികുതി തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയുമെല്ലാം വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പോകും. ഓരോ ദിവസത്തെയും കലക്ഷൻ ഓൺലൈനായി പരിശോധിക്കാനും കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.