കപ്പയ്ക്ക് വലിപ്പം കൂട്ടാൻ ഹോർമോൺ; കപ്പയും മീൻകറിയുമെന്ന രീതി ഇനി സ്വപ്നങ്ങളിൽ മാത്രം

0
249

കാലടി: കപ്പയ്ക്ക് വലിപ്പവും ഭാരവും കൂട്ടാന്‍ ഹോര്‍മോണ്‍ പുരട്ടുന്നത് വ്യാപകമാകുന്നു. വന്‍തോതില്‍ കപ്പ കൃഷി ചെയ്യുന്ന തോട്ടങ്ങളിലാണ് സംഭവം. കപ്പ സാമാന്യം വലിപ്പമെത്തുമ്പോള്‍ ചുവടു തുരന്ന് മണ്ണ് മാറ്റും. പേനാക്കത്തി ഉപയോഗിച്ച് കപ്പയുടെ തൊലിയില്‍ ചെറുതായി വരയും. വരഞ്ഞിടത്ത് ഹോര്‍മോണ്‍ തേച്ചുപിടിപ്പിച്ച് മണ്ണിട്ടു മൂടും. ഏകദേശം 15 ദിവസം കഴിഞ്ഞാല്‍ ഇത് വിളവെടുക്കും ഇതാണ് ഇപ്പോൾ
കപ്പ വന്‍ തോതിൽ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്ന രീതി.

ഒരു കഷ്ണത്തില്‍ തൂക്കം കൂട്ടി ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ കൃത്രിമമായി നടത്തുന്ന ഹോര്‍മോണ്‍ പരിപാടി പക്ഷേ സാധാരണക്കാര്‍ക്ക് മനസ്സിലാകില്ല. തൊലി പൊളിക്കുമ്പോള്‍ വരഞ്ഞിട്ടിരിക്കുന്നതോ വിണ്ടു കീറിയിരിക്കുന്നതോ കാണാനാകും. വന്‍ തോതില്‍ കപ്പ കൃഷി ചെയ്യുന്ന തോട്ടങ്ങളിലാണ് ഹോര്‍മോണ്‍ തരികിട നടക്കുന്നത്. കപ്പയ്ക്ക് അസാധാരണ വലിപ്പം വെയ്ക്കുമെങ്കിലും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യ ശരീരത്ത് സൃഷ്ടിക്കുന്നതാണ് ഈ ഹോര്‍മോണെന്നതാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.

മഴ പിടിക്കുന്നതിനു മുന്‍പ് കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന കപ്പ ഇപ്പോള്‍ പത്തു രൂപയ്ക്ക് കിട്ടും. വേനല്‍ മഴയോടൊപ്പം വീശിയ കാറ്റ് വന്‍തോതില്‍ കപ്പകൃഷിക്ക് നാശം വിതയ്ക്കുകയും ചെയ്തു. ചക്കയുടെ സീസണായതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ കപ്പയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കും ഉപ്പേരി ഉണ്ടാക്കുന്നതിനുമാണ് കപ്പ കൂടുതല്‍ ആവശ്യമുള്ളത്. കീടനാശിനി അംശം കുറവ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍ക്കാണെന്ന വിശ്വാസമാണ് ഈ റിപ്പോർട്ടിലൂടെ സാധാരണ ജനതയ്ക്ക് നഷ്ടമാകുന്നത്.