കരസേനാ മേധാവി കശ്മീരിൽ; നിയന്ത്രണരേഖയിൽ പാക്ക് ആക്രമണം തുടരുന്നതായി റിപ്പോർട്ട്

0
128

Image result for general bipin ravathu

കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് സംസ്ഥാനത്തു സന്ദർശനം നടത്തുന്നതിനിടെ നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്പ്. അതിർത്തി ജില്ലകളായ രജൗറിയിലും പൂഞ്ചിലുമാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക്കിസ്ഥാന്റെ ആക്രമണത്തിൽ ജനറൽ എൻജിനിയറിങ് റിസർവ് ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചു. ഇപ്പോഴും അതിർത്തിയിൽ ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ

നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്പ് തുടരുന്ന സാഹചര്യത്തിലും കശ്മീരിൽ സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിലുമാണ് കരസേനാ മേധാവി കശ്മീരിലെത്തിയത്. നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ബിപിൻ റാവത്ത് കമാൻഡർമാരോടു കൂടുതൽ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട് . ഹിസ്ബുൽ നേതാവ് സബ്‌സാർ ബട്ടിനെ ഇന്ത്യൻസേന വധിച്ചതിനു പിന്നാലെയാണ് കശ്മീരിൽ സ്ഥിതി കൂടുതൽ സങ്കീർണമായത്.

അതിനിടെ, സോപോർ മേഖലയിൽ സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. പ്രദേശത്തു ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു സേന. സോപോറിൽ ബുധനാഴ്ച ജമ്മു കശ്മീർ ബാങ്കിന്റെ ശാഖയ്ക്കു സമീപം പൊലീസ് സംഘത്തിനുനേർക്കു ഭീകരരുടെ ഗ്രനേഡ് ആക്രമണവും നടന്നിരുന്നു. നാലു പൊലീസുകാർക്കു ആക്രമണത്തിൽ പരുക്കേറ്റു. ബാങ്ക് കൊള്ളയടിക്കാൻ ലക്ഷ്യമിട്ടെത്തിയ ഭീകരരാണ് ഇവരെന്നാണ് നിഗമനം. കഴിഞ്ഞ ഒക്ടോബർ മുതൽ ജമ്മുകശ്മീർ ബാങ്കിന്റെ വിവിധ ശാഖകൾ ഭീകരർ കൊള്ളയടിക്കുന്നുണ്ട്. 13 സംഭവങ്ങളിലായി 92 ലക്ഷം രൂപയോളമാണ് ഭീകരർ കൊള്ളയടിച്ചത്.