കശാപ്പ് നിരോധനം: സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് അരുണ്‍ ജെയ്റ്റ്ലി

0
122

കന്നുകാലി കശാപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടി സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റം നടത്തിയെന്ന വിമര്‍ശം അദ്ദേഹം തള്ളിക്കളഞ്ഞു.

കേന്ദ്ര വിജ്ഞാപനം വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ലെന്നും, കാലിചന്തയില്‍നിന്ന് കന്നുകാലികളെ ആര്‍ക്ക് വാങ്ങാം ആര്‍ക്ക് പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ജെയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളവും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചതായും എന്നാല്‍ ഇതിനു വിപരീതമായ പ്രവര്‍ത്തികളാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍മൂലം കറന്‍സി രഹിത ഇടപാടുകള്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.