കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി

0
154

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഊരുട്ടമ്പലം സ്‌കൂളിൽ സം സ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ സർക്കാർ തെളിയിക്കും.

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന ചിന്തയ്ക്ക് സർക്കാർ രൂപം നൽകിയിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ലോകം ശ്രദ്ധിക്കുന്ന പുരോഗതി കേരളം കൈവരിച്ചത് പൊതുവിദ്യാഭ്യാസത്തിലൂടെയാണ്. ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ പൊതുവിദ്യാഭ്യാസത്തിന് കുറച്ചു ക്ഷീണം സംഭവിച്ചു. അതിനു മാറ്റം വരുത്താനുള്ള പ്രവൃത്തികളാണ് സർക്കാർ നടത്തുന്നത്. നാട്ടിലെ എല്ലാ കുട്ടികളെയും സർക്കാർ ഒരുപോലെയാണ് കാണുന്നത്. സാധാരണക്കാരുടെ കുട്ടികൾക്കും മികവു നേടാനുള്ള സാഹചര്യം ഒരുക്കും. ഇതിന്റെ ഭാഗമായാണ് ഒന്നു മുതൽ 12 വരെ ക്ലാസുകൾ സ്മാർട്ട് ക്ലാസുകളാക്കാനും പൊതുവിദ്യാലയങ്ങൾ ഹൈടെക് ആക്കാനും സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതികൾ നടപ്പാക്കുക.

സർക്കാർ സ്‌കൂളുകൾ പോലെതന്നെ എയ്ഡഡ് വിദ്യാലയങ്ങളും പ്രധാനമാണ്. എയ്ഡഡ് സ്‌കൂളുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു കോടി രൂപ വരെ സർക്കാർ ചെലവാക്കും. വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്‌കാരം വരുത്തിയത് ഇ. എം. എസ് സർക്കാരാണ്. നവോത്ഥാന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന ഇടപെടൽ കേരളത്തിലുണ്ടായി. നവോത്ഥാന നായകർ തുടങ്ങിവച്ച കാര്യങ്ങൾ ഫലപ്രദമായി ഏറ്റെടുക്കപ്പെട്ടതിനാലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നവേത്ഥാന പ്രവർത്തനങ്ങൾ വിജയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവേശനോത്സവവും വിദ്യാരംഭവുമെല്ലാം ഉത്സവമായാണ് കേരളത്തിൽ ആഘോഷിക്കുന്നത്. വിദ്യാഭ്യാസത്തിന് സമൂഹം വലിയ ഊന്നൽ നൽകുന്നതിനാലാണിത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിന് കേരളത്തിൽ വിവേചനം നിലനിന്നിരുന്നു. ഇതിൽ മാറ്റമുണ്ടായി. ഇത് സുഗമമായി ഉണ്ടായതല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

പഠനാവകാശത്തിനായി നടന്ന കണ്ടല ലഹളയുടെ ഓർമ്മയ്ക്കായി ഊരുട്ടമ്പലം യു. പി സ്‌കൂളിൽ നിർമ്മിച്ച കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി അനാച്ഛാദ നം ചെയ്തു. ജനകീയ വിദ്യാഭ്യാസ മാർഗരേഖയുടെ പ്രകാശനവും നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഐ. ടി @ സ്‌കൂൾ, വിക്ടേഴ്സ്ചാനൽ പുതിയതായി ആരംഭിക്കുന്ന പതിനഞ്ച് വിദ്യാഭ്യാസ പരിപാടികളുടെ സംപ്രേഷണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. അക്കാദമിക മികവിനുള്ള പിന്തുണ സാമഗ്രി പ്രകാശനം എ. സമ്പത്ത് എം. പി നിർവഹിച്ചു. ഐ. ബി സതീഷ് എം. എൽ. എ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു സ്‌കൂൾ ഗ്രാന്റ് വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.