ക്ഷീരകൃഷി മേഖലയിൽ സ്ത്രീകൾക്കും യുവാക്കൾക്കും മികച്ച തൊഴിലവസരങ്ങളുണ്ടാകണം: ഗവർണർ

0
134

ക്ഷീരകൃഷി മേഖലയിൽ സ്ത്രീകൾക്കും യുവാക്കൾക്കും മികച്ച തൊഴിലവസരങ്ങളുണ്ടാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിൽമ പോലുള്ള സർക്കാർ സംരംഭങ്ങളിൽനിന്ന് പാലും പാലുത്പന്നങ്ങളും വാങ്ങി ഉപയോഗിച്ച് ആ സ്ഥാപനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ജനങ്ങൾ തയ്യാറാകണം. കർഷകരുടെ കഷ്ടപ്പാടുകൾ പരിഹരിക്കപ്പെടണം. സംസ്ഥാനത്ത് പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം അഭിനന്ദനീയമാണെന്ന് ഗവർണർ പറഞ്ഞു. കാർഷികരംഗത്തോടുള്ള ഗവർണറുടെ നയത്തോടുള്ള ആദരവായി ഗവർണറെ ക്ഷീര വികസന വകുപ്പ് മന്ത്രി പൊന്നാടയണിയിച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ ഒ. രാജഗോപാൽ,മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, ക്ഷീര കർഷക ക്ഷേമ നിധി ബോർഡ് ചെയർമാൻ എൻ രാജൻ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനിൽ എക്സ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ജോർജ് കുട്ടി ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.