ജോയി കൈതാരത്തിനെതിരെ ചെന്നൈയിൽ ചെമ്മണൂരിന്റെ പരാതി

0
786

പൊതുപ്രവർത്തകനായ ജോയ് കൈതാരത്ത്  മാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തിന്റെ പേരിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ചെന്നൈ ശാഖക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമ ബോബി ചെമ്മണ്ണൂർ.  മിടുക്കന്മാരായ അഞ്ച് ജീവനക്കാർ ഈ പ്രചാരണം വിശ്വസിച്ച് സ്ഥാപനം ഉപേക്ഷിച്ച് പോകുകയും ചെയ്തത്രെ. ചെന്നൈ എഗ് മോർ മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ജോയിക്കെതിരെ നൽകിയ പരാതിയിലാണ് 812 കിലോമീറ്റർ ഓടിയ ലോകത്തിലെ ആദ്യത്തെ മനുഷ്യസ്‌നേഹി എന്ന് അവകാശപ്പെടുന്ന ഡോ. ബോബി ചെമ്മണ്ണൂർ ഇക്കാര്യം പറയുന്നത്. തന്നെ ഉന്മൂലനം ചെയ്യുകയാണ് ജോയികൈതാരത്തിന്റെ ലക്ഷ്യമെന്ന് ബോബി ആരോപിക്കുന്നു.

ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ നിരവധി സാമ്പത്തിക നിയമങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI), റിസർവ് ബാങ്ക്, ആദായനികുതി വകുപ്പ് എന്നിവർക്ക് ജോയ് പരാതി അയച്ചിരുന്നു.  ചെമ്മണ്ണൂർ ജ്വല്ലറിയുടെ അഞ്ച് മുൻജീവനക്കാർ സ്ഥാപനത്തിന്റെ ചെയർമാനായ ബോബി ക്രമക്കേടുകൾ നടത്തുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ സർക്കാരിന് സമർപ്പിച്ച പരാതിയും സി.ഡിയും എന്ന ഓൺലൈൻ മാധ്യമം വഴി പ്രസിദ്ധപ്പെടുത്തി എന്നാണ് ജോയിക്കെതിരെ ബോബി ഉന്നയിക്കുന്ന ആരോപണം.  സംസ്ഥാന പൊലിസിൽ നിന്നും വിവരാവകാശ പ്രകാരം ലഭിച്ചതാണ് ഒരു സ്ത്രീയുമൊത്ത് ബോബി വ്യക്തിപരമായി ഇടപഴകുന്ന ദൃശ്യമുള്ള, സി.ഡി.  ഇതെല്ലാം ഉപയോഗിച്ച് ജോയി  തന്നെയും കുടുംബത്തെയും സ്ഥാപനത്തെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് ലോകത്തിൽ ആദ്യമായി പറക്കും ജ്വല്ലറി എന്ന് പേരിട്ട് ഒരു വോൾവോ ബസിൽ സ്വർണ്ണാഭരണ വിൽപ്പനശാല ആരംഭിച്ച ബോബി പരാതിപ്പെടുന്നത്.

തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ ദേശീയപാതയോട് ചേർന്ന് വൻതുക മുടക്കി ഓക്‌സിജൻ സിറ്റി എന്ന പേരിൽ സ്വയംഭരണ സാമ്പത്തിക മേഖല അടക്കം ആധുനിക സൗകര്യങ്ങളോടെ ഓക്‌സിജൻ സിറ്റി എന്ന പേരിൽ തുടങ്ങുന്ന സംരംഭത്തെക്കുറിച്ച് നടത്തുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നാണ് ഒരു പരാതി.  ഒരു കുന്നിൻ പുറമാണിത്.
രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ജോയ്  ബ്ലാക്‌മെയിൽ ചെയ്യുന്നു എന്നാണ്, മറ്റൊരു ആരോപണം.  സ്വർണ്ണ വ്യവസായത്തിൽ തനിക്കുള്ള എതിരാളികളും തന്റെ സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞ്‌പോയവരുമായി ചേർന്നാണ് ഈ പരിപാടിയത്രെ.

ജോയ് കൈതാരം

മാസംതോറും ലക്ഷക്കണക്കിന് രൂപ പരസ്യത്തിന് ചെലവിട്ട് കോടിക്കണക്കിന് രൂപ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് കമ്പനികൾ പിരിച്ചെടുക്കുന്നു എന്ന പ്രചാരണമാണ് ഒന്നാമതായി ഉന്നയിക്കുന്ന പരാതി.  കോടിക്കണക്കിന് രൂപ പരസ്യത്തിന് ചെലവിട്ടാണ് ഈ പിരിവ് നടത്തുന്നതെന്നും ഇതിനോടകം പിരിച്ച് കഴിഞ്ഞ 4,000 കോടി രൂപക്ക് വേണ്ട നിയമപരമായ ആസ്തി ഈ സ്ഥാപനത്തിനില്ലെന്ന് ജോയി പ്രചരിപ്പിക്കുകയാണത്രെ.
ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് മൂലം ചെന്നൈയിലെ ഇടപാടുകാർ പലരും ഇത് തട്ടിപ്പാണെന്ന് കരുതി പിന്മാറുകയാണത്രെ.  താനും ഒരു സ്ത്രീജീവനക്കാരിയും വ്യക്തിപരമായി ഇടപഴകുന്ന സി.ഡി പ്രചരിപ്പിച്ചത് മൂലം തന്റെ ജീവനക്കാർ ചെല്ലുമ്പോൾ ഇത്തരക്കാരനാണോ നിങ്ങളുടെ മുതലാളി എന്ന് ചോദിച്ച് ഇടപാടുകാർ അവരെ ഒഴിവാക്കുയാണത്രെ.  ഈ വീഡിയോ ക്ലിപ്പ് കാണിച്ച് ചെന്നൈയിലെ ഒരു വനിതാ ഡോക്ടർ ഇത്തരക്കാരുമായി തങ്ങൾ ഇടപാട് നടത്തില്ലെന്ന് പറഞ്ഞത്രെ. ഡോ. ബോബി വിജയ് മല്ല്യയെപ്പോലെ ഒളിച്ച് പോകാനും, അറ്റ്‌ലസ് രാമചന്ദ്രനെപ്പോലെ അറസ്റ്റ് ചെയ്യപ്പെടാനും ഇടയുണ്ടെന്നും ഉഷാറാണി എന്ന ഈ ഡോക്ടർ പറഞ്ഞതായി ബോബി കോടതിയിൽ ബോധിപ്പിച്ചു.  ജോയിയെ ഭയന്നാണ് താൻ ജീവിക്കുന്നതെന്നും ബോബി കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

ബോബിയുടെ കണക്ക് പുസ്തകങ്ങളുടെ ഒറിജിനൽ ഹാജരാക്കിയാണ് സെബിയുടെ മുമ്പാകെ, ജോയ് കൈതാരം പരാതി കൊടുത്തിരിക്കുന്നത്.  സെബി ചട്ടത്തിന്റെ സെക്ഷൻ IIAA യുടെ ലംഘനമാണ് ബോബിയുടെ നിക്ഷേപശേഖരണം എന്നാണ് പരാതി.  ബോബിയുടെ നിക്ഷേപശേഖരണത്തെക്കുറിച്ച് അനേ്വഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവായിരിക്കെ മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്ചുതാനന്ദൻ സെബിക്ക് അയച്ച കത്ത് അടക്കമുള്ള രേഖകൾ ജോയി ചെന്നൈ കോടതിയിൽ ഹാജരാക്കി.  സമാനരീതിയിൽ രാജ്യമാകെ ജോയിക്കെതിരെ കേസ് കൊടുക്കാനാണത്രെ ബോബി ചെമ്മണ്ണൂരിന്റെ പദ്ധതി.