നിഷാമിന്റെ ജയിൽ മോചനത്തിനായി പൊതുയോഗവും നോട്ടീസ് വിതരണവും

0
157

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മർദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി പൊതുയോഗം. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് അന്തിക്കാടിന് സമീപം മുറ്റിച്ചൂരിൽ യോഗം വിളിച്ചിരിക്കുന്നത്. നിഷാം കാരുണ്യവാനും ധനസഹായിയുമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമെന്നും വിശദീകരിച്ച് നോട്ടീസ് പ്രചാരണവും ഇതിനോടപ്പം നടത്തിയിട്ടുണ്ട്.

നിഷാം ഇപ്പോൾ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്.
യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്. ജയിലിനകത്ത് കിടന്നാല്‍ ആയിരക്കണക്കിന് കുടുംബം അനാഥമാവുമെന്നും നോട്ടീസിലുണ്ട്. എന്നാല്‍ ആരാണ് നോട്ടീസിറക്കിയതെന്ന് വ്യക്തമല്ല. തങ്ങളുടെ നേതൃത്വത്തില്ല പൊതുയോഗം വിളിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൗര പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്.ജയിലില്‍ കിടന്നും നിഷാം ബിസിനസ്സ് പാര്‍ട്ണറായ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിബി ബഷീര്‍ അലി പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസ് പരിഗണനയിലാണ്. തന്നെയും കുടുംബത്തെയും കൊന്നു കളയുമെന്ന് നിഷാം ജയിലിനുള്ളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ബഷീറിന്റെ പരാതി.