രാജ്യതലവന്മാർക്ക് സെൽഫോൺ നമ്പർനൽകി ട്രംപ് : നെഞ്ചിടിച്ച് വൈറ്റ് ഹൗസ്

0
141

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സെൽഫോൺ നമ്പർ കാനഡ, മെക്‌സിക്കോ രാജ്യത്തലവന്മാർക്ക് നൽകി. കനേഡിയൻ പ്രധാനമന്ത്രി ട്രംപിന്റെ ഓഫർ സ്വീകരിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനെ ഈയിടെ കണ്ടപ്പോഴും ട്രംപ് തന്റെ ഫോൺ നമ്പർ നൽകിയിരുന്നു.ചട്ടങ്ങൾ പ്രസിഡന്റ് ഊതിപ്പറത്തുന്നത് ആശങ്കയോടെയാണ് വൈറ്റ്ഹൗസിലെ സുരക്ഷാവിഭാഗം കാണുന്നത്.

രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദങ്ങൾ എന്നു വേണമെങ്കിലും മാറാം എന്നതാണ് ഈ നടപടിക്ക് പിന്നിലെ ഏറ്റവും വലിയ ആശങ്ക. അതുകൊണ്ട് തന്നെ സെൽഫോൺ നമ്പർ വളരെ സ്വകാര്യമായാണ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്നത്. സ്മാർട്‌ഫോൺ എപ്പോഴും ഒപ്പം വേണമെന്ന നിലപാടായിരുന്നു ട്രംപിന്റെ മുൻഗാമി ബറാക് ഒബാമയുടേത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബ്ലാക്‌ബെറി ഫോണിലെ പല സംവിധാനങ്ങളും പക്ഷേ സുരക്ഷകാരണം ഒഴിവാക്കിയിരുന്നു. ഒരു പിടി വിശ്വസ്തർക്കല്ലാതെ മറ്റാർക്കും തന്നെ ഒബാമയുടെ സ്വകാര്യ ഫോൺ നമ്പറോ ഇമെയിൽ അഡ്രസോ അറിവുണ്ടായിരുന്നില്ല. എന്നാൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമായ നിലപാടാണ് ഡോണൾഡ് ട്രംപ് പിൻതുടരുന്നത്.

കുപ്രസിദ്ധമായ വാട്ടർഗേറ്റ് അഴിമതിയെ തുടർന്നാണ് അമേരിക്കയിൽ പ്രസിഡൻഷ്യൽ റെക്കോർഡ്‌സ് ആക്ട് രൂപീകരിച്ചത്. ഇതനുസരിച്ച്, അമേരിക്കൻ പ്രസിഡന്റിന്റെ ഓഫിസിലെ 1981 മുതലുള്ള സകല എഴുത്തുകുത്ത് ഇടപാടുകളും രേഖപ്പെടുത്തി സൂക്ഷിക്കണമെന്നുണ്ട്. 2014ൽ സ്വകാര്യ ഇ മെയിൽ രേഖകളും ചേർത്തു. എന്നാൽ രാഷ്ട്രത്തലവൻ നടത്തുന്ന അനൗപചാരിക സംഭാഷണം സൂക്ഷിച്ചു വക്കുന്നത് നിർബന്ധമല്ലെങ്കിലും ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്.