ചരിത്രകാരൻ രാമചന്ദ്ര ഗുഹ ബി.സി.സി.ഐയുടെ ഭരണസമിതി അംഗത്വം രാജിവെച്ചു. സുപ്രീം കോടതിയെ സമീപിച്ച ഗുഹ കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതി അനുമതി നൽകിയാൽ മാത്രമേ ഗൂഹയക്ക് സ്ഥാനം ഒഴിയാൻ സാധിക്കുകയൂള്ളു. ഗുഹയുടെ രാജി ജൂലായ് 14ന് സുപ്രീം കോടതി പരിഗണിക്കും.
ഐ.ഡി.എഫ്.സി സി.ഇ.ഒ വിക്രം ലിമായെ, മുൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഡയാന എഡുൽജി എന്നിവരടങ്ങുന്നതാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റി. രാജിക്കത്ത് വിനോദ് റായിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും രാമചന്ദ്ര ഗുഹ സുപ്രീം കോടതിയെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് രാജിവെക്കുന്നതെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി. ഈ വർഷം ജനുവരിയിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. ചാമ്പ്യൻസ് ട്രോഫി തുടങ്ങാനിരിക്കെയാണ് ഗുഹയുടെ രാജി എന്നതും ശ്രദ്ധേയമാണ്.