ബീഫ് ഫെസ്റ്റിവലിൽ പങ്കെടുത്തതിന്റെ പേരിൽ ആക്രമണത്തിനിരയായ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥി സൂരജിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തി സൂരജിനെ കണ്ട ശേഷമായിരുന്നു സ്റ്റാലിൻ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. സൂരജിനെതിരായ ആക്രമണത്തെ അപലപിക്കുന്നതായും സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. സൂരജിനെ സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം പിന്നീട് ട്വിറ്ററിലും പോസ്റ്റ് ചെയ്തു.
സൂരജിന് വ്യാഴാഴ്ച്ചയാണ് കണ്ണിന് നിർണായക ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. കണ്ണിനോടുചേർന്ന എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൂരജിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഈ പ്രശ്നം പരിഹരിച്ചശേഷം ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ പറയുന്നു.
കാശാപ്പിനുവേണ്ടി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഐ.ഐ.ടി. കാമ്പസിനുള്ളിൽ നടത്തിയ ബീഫ് ഫെസ്റ്റിൽ പങ്കെടുത്തതിന്റെപേരിലാണ് സൂരജിനെ ഒരുസംഘം വിദ്യാർഥികൾ ആക്രമിച്ചത്. ഐഐടി ക്യാംപസിലെ വെജിറ്റേറിയൻ മെസ്സിൽ വച്ചായിരുന്നു സൂരജിന് നേരെ ആക്രമണമുണ്ടായത്.