സ്‌കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഊരുട്ടമ്പലത്ത് മുഖ്യമന്ത്രി നിർവഹിക്കും

0
221

ഇക്കൊല്ലത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ഊരുട്ടമ്പലം യു.പി സ്‌കൂളിലാണ് പരിപാടി. പഠനാവശ്യത്തിനായി മലയാള മണ്ണിൽ നടന്ന ആദ്യ കലാപരമായ കണ്ടല ലഹളയുടെ ശതാബ്ദി വേളയിൽ സർവ ശിക്ഷാ അഭിയാൻ നിർമ്മിച്ച കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വിദ്യാലയ ഗുണമേന്മ ലക്ഷ്യമാക്കിയുളള ജനകീയ വിദ്യാഭ്യാസ മാർഗരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. ഊരുട്ടമ്പലം ഗവ. എൽ.പി സ്‌കൂളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കഥ പറഞ്ഞ് ക്ലാസിലേക്ക് വരവേൽക്കുന്നതോടെയാണ് പ്രവേശനോത്സവം ആരംഭിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കും. ഐ. ടി @ സ്‌കൂൾ വിക്ടേഴ്സ് ചാനൽ ആരംഭിക്കുന്ന 15 വിനോദ സഞ്ചാര വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണോദ്ഘാടനവും നിർവഹിക്കും. അധ്യാപകർക്കായി തയ്യാറാക്കിയ പിന്തുണാ സാമഗ്രിയായ കൈത്തിരിയുടെ പ്രകാശനം ഡോ. എ. സമ്പത്ത് എം.പി നിർവഹിക്കും. കുട്ടികൾക്കായുളള പഠനോപകരണങ്ങൾ ഐ.ബി. സതീഷ് എം.എൽ.എ വിതരണം ചെയ്യും. സ്‌കൂൾ ഗ്രാന്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിക്കും. എല്ലാ കുട്ടികൾക്കും പഠന മികവ് എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പഠന നേട്ട പ്രസ്താവന കലണ്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, സ്‌കൂൾ പി.ടി.എയ്ക്ക് കൈമാറും. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതവും, എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ നന്ദിയും പറയും