ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്ന ബി.ജെ.പി. ദേശീയ അധ്യക്ഷ്യന്‍ അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ കേരള ഘടകത്തിന് രൂക്ഷമായ വിമര്‍ശനം. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും നേതൃത്വത്തിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമര്‍ശനം. കൂടാതെ കേന്ദ്ര മന്ത്രിസഭയിലെ അംഗത്വം സംബന്ധിച്ച ചിലരുടെ അഭിപ്രായത്തിനും രൂക്ഷമായ വിമര്‍ശനമാണ് അമിത് ഷായില്‍നിന്നും ഉണ്ടായത്.
മുന്‍ സംസ്ഥാന പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റും ഉള്‍പ്പെട്ട കോര്‍ കമ്മറ്റിയിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഹൈടെക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പവര്‍പോയിന്റ് പ്രസന്റേഷനുമായാണ് കുമ്മനവും സംഘവും ഇരുന്നതെങ്കിലും അത് കാണാന്‍ അമിത് ഷാ തയാറായില്ല. നേരിട്ടുള്ള ചര്‍ച്ചകള്‍ മതിയെന്ന നിലപാട് അമിത് ഷാ കൈക്കൊള്ളുകയായിരുന്നെന്ന് പറയുന്നു. കേരളത്തില്‍നിന്നും കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യമെന്ന ആവശ്യത്തെ അമിത് ഷാ നിഷ്കരുണം തള്ളിയതായി പറയുന്നു. ആദ്യം കേരളത്തില്‍ നിന്നും ഒരാളെ ജയിപ്പിക്കണമെന്നും ലോക്സഭയിലേക്ക് ജയിച്ചാല്‍ മാത്രമേ കേന്ദ്ര ക്യാബിനറ്റില്‍ അംഗത്വം ലഭിക്കൂ എന്നും അമിത് ഷാ നേതാക്കളോട് പറഞ്ഞു.
ഇന്ത്യയിലുടനീളം മോഡി തരംഗം ആഞ്ഞടിക്കുമ്പോഴും ഗ്രൂപ്പിസം കാരണം കേരളത്തിലെ ബി.ജെ.പി. നേതൃത്വത്തിന് ഇത് മുതലെടുക്കാന്‍ കഴിയുന്നില്ല. അത്ഭുതങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്കു മുന്നോട്ട് പോകാന്‍ കഴിയൂവെന്ന് അമിത് ഷാ യോഗത്തില്‍ തുറന്നടിച്ചു. എന്‍.ഡി.എ. സംവിധാനം ശക്തിപ്പെടുത്തി മുന്നോട്ടുപോകണം. അതിന് ബി.ജെ.പിയിലേക്ക് വരാന്‍ താല്പ്പര്യപ്പെടുന്നവരെയെല്ലാം ഉള്‍ക്കൊള്ളണമെന്ന കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയ അമിത് ഷാ അനാവശ്യ വിവാദങ്ങളിലൂടെ സമയം കളയരുതെന്ന മുന്നറിയിപ്പും നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
മോഡി സര്‍ക്കാരിന്റെ തുടര്‍ഭരണം ലക്ഷ്യമിട്ടാണ് 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കും. കേരളത്തിലെ സാംസ്കാരിക നായകര്‍, മതസമുദായ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ചയെന്ന തരത്തില്‍ പുതിയ രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിനും അമിത് ഷാക്ക് ലക്ഷ്യമുണ്ട്.