ഇന്ത്യയുടെ തളർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ചൈനീസ് പത്രം

0
160

2017 -ലെ ആദ്യത്തെ മൂന്ന് മാസങ്ങളിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.1 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറഞ്ഞെന്ന വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ആണ് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ലേഖനമെഴുതിയത്.

ഇതോടെ ലോകത്തെ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള രാജ്യം എന്ന ബഹുമതി ഇന്ത്യയിൽ നിന്നും ചൈന തിരിച്ചു പിടിച്ചിരുന്നു. ഇതേക്കുറിച്ച് പറയുമ്പോൾ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നോട്ടുനിരോധനത്തെയും ചൈനീസ് പത്രം പരിഹസിച്ചു.


ആനയും വ്യാളിയും (ഇന്ത്യയും ചൈനയും)തമ്മിലുള്ള പോരാട്ടത്തിൽ ആനയ്ക്ക് കാലിടറിയെന്നാണ് തോന്നുന്നത് -ഗ്ലോബൽ ടൈംസിന്റെ ലേഖകൻ സിയാവോ സിൻ നിരീക്ഷിക്കുന്നു. ഇത്ര വൈവിധ്യവും വലിപ്പവുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയിൽ പരിഷ്‌കാരങ്ങൾ വരുത്തുന്നത് ശ്രദ്ധയോടെയാവണമായിരുന്നുവെന്നും ലേഖനത്തിൽ തുറന്നടിക്കുന്നു.

നോട്ട് അസാധുവാക്കലിന് മുൻപുള്ള ജൂലൈ-സെപ്തംബർ പാദത്തിൽ 7.5 ശതമാനം വളർച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. കണക്ക് പ്രകാരം ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും സാമ്പത്തിക വളർച്ചയുടെ രാജ്യം എന്ന ബഹുമതിയും ഇന്ത്യ അന്ന് സ്വന്തമാക്കി. എന്നാൽ നോട്ട് അസാധുവാക്കലിന് ശേഷമുള്ള മൂന്ന് മാസത്തിൽ (ഒക്ടോബർ-ഡിസംബർ) അത് ഇന്ത്യയുടെ വളർച്ച 7 ശതമാനമായി കുറഞ്ഞു. ചൈനയുടെ സാമ്പത്തിക വളർച്ചയിലുണ്ടായ കുറവ് കാരണം ഈ ഘട്ടത്തിലും ലോകത്തെ ഏറ്റവും വളർച്ചയുള്ള സാമ്പത്തികവ്യവസ്ഥ എന്ന ബഹുമതി ഇന്ത്യയ്ക്കുണ്ടായിരുന്നു.  എന്നാൽ 2017-യിലെ ആദ്യ പാദം പിന്നിടുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പിന്നെയും ഇടിഞ്ഞ് 6.1ൽ എത്തിയിരിക്കുകയാണ്.