ഉദ്യോഗസ്ഥ, രാഷ്ട്രീയതലങ്ങളിൽ അഴിമതി കുറഞ്ഞു -മന്ത്രി ഇ. ചന്ദ്രശേഖരൻ

0
113

‘അഴിമതിരഹിത ഭരണം, ഭരണനവീകരണം’ സെമിനാർ സംഘടിപ്പിച്ചു

ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലും താരതമ്യേന അഴിമതി കുറഞ്ഞുവരികയാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പൊതുഭരണവകുപ്പിന്റെയും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രഖ്യാപിത നയനിലപാടാണ് അഴിമതിരഹിത ഭരണം. അതിന്റെ പ്രതിഫലനം സമൂഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങൾ കൂടുതൽ ബോധവാൻമാരാകുകയും ഭരണാധികാരികൾ ബോധപൂർവം ഇടപെടുമെന്ന ധാരണയുണ്ടാവുകയും പിടിക്കപ്പെടുമ്പോൾ കർശന നടപടിയുണ്ടാകുമെന്ന ഉറപ്പുണ്ടാകുകയും ചെയ്താൽ കുറേയേറെ പരിഹാരമുണ്ടാകും. നിയമത്തിന്റെ കാർക്കശ്യവും ധാർമികതയും കൊണ്ടുമാത്രം അഴിമതി ഇല്ലായ്മ ചെയ്യൽ നടപടികൾ അവസാനിക്കില്ല. അഴിമതി നിർമാർജനം അസാധ്യവുമല്ല. ജനങ്ങൾ ഉണർന്നു പ്രവർത്തിച്ചാലും ഭരണാധികാരികളുടെ ഇച്ഛാശക്തിക്കും വലിയ അളവിൽ അഴിമതിക്ക് മാറ്റം വരുത്താനാകും. ദൈനംദിനം ബന്ധപ്പെടുന്ന മേഖലകളിൽ ഉണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനം ഭരണത്തെ വിലയിരുത്തുക. അത്തരം സ്ഥലങ്ങളിൽ നിന്ന് നല്ലരീതിയിൽ ഒരു പെരുമാറ്റമുണ്ടായാൽതന്നെ ജനം സംതൃപ്തരാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന് ദേഹാസ്വാസ്ഥ്യമായതിനാൽ എത്താൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ സന്ദേശം യോഗത്തിൽ വായിച്ചു. ജനാധിപത്യസമ്പ്രദായത്തിൽ പണത്തിന്റെയോ, മറ്റ് എന്തെങ്കിലും ആനുകൂല്യങ്ങളുടെയോ പേരിൽ ആളുകൾക്ക് പ്രത്യേക പരിഗണനയോ, പ്രത്യേക ആനുകൂല്യങ്ങളോ ലഭിക്കുമ്പോൾ അവിടെ അഴിമതി അരങ്ങേറുകയാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. അഴിമതി നിർമാർജന നടപടികൾക്ക് ഭരണ പരിഷ്‌കാര കമ്മീഷൻ പരമപ്രാധാന്യമാണ് നൽകുന്നത്. പൊതുജനങ്ങളിലും, വിവിധ വകുപ്പുകളിലും നിന്ന് നിർദ്ദേശങ്ങളും, പരാതികളും സ്വീകരിച്ച് പരിശോധനയുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോകുമെന്ന് വി.എസ് അറിയിച്ചു. ആധുനികവത്കരണത്തിലൂടെയും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയും അഴിമതി കുറച്ചുകൊണ്ടുവരാനായിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. നിഷ്‌ക്രിയരായി ഇരുന്ന് ജനങ്ങൾക്കുള്ള സേവനം നൽകാതെ ഇരിക്കുന്നതും അപകടകരമായ ചിന്തയാണ്. ആവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് സജീവമാവുകയാണ് വേണ്ടത്. നടപടിക്രമങ്ങൾ ജനസേവനത്തിന് തടസ്സമാകാതെ സുതാര്യതയോടെ വേഗത്തിൽ നടപ്പാക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ആത്മാഭിമാനമില്ലാത്തവരാണ് അഴിമതി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുഭരണ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി സത്യജീത് രാജൻ സ്വാഗതവും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഡോ. കെ. അമ്പാടി നന്ദിയും പറഞ്ഞു.