കന്നുകാലി കച്ചവട നിയന്ത്രണം: വ്യാഴാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം

0
135

കന്നുകാലി കച്ചവടം നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. കേന്ദ്ര ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഈ സമ്മേളനത്തില്‍ പാസാക്കും. ബദല്‍ നിയമനിര്‍മാണത്തെക്കുറിച്ചും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് പ്രത്യേക സമ്മേളനത്തിനുള്ള തീരുമാനം കൈക്കൊണ്ടത്.

കന്നുകാലി കച്ചവടത്തിന് നിരവധി മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരേ കേരളത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഈ പശ്താലത്തലത്തില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. മാത്രമല്ല കേന്ദ്ര നിര്‍ദേശം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതാണു രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ കാലിച്ചന്തകളില്‍ കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കാനും പറ്റില്ല. ഇതുസംബന്ധിച്ചു മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.