കൂടംകുളം നിലയത്തിന്റെ അഞ്ചും ആറും യൂണിറ്റുകള്‍ക്ക് റഷ്യൻസഹായം

0
105

Modi in Russia

തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ അവസാന രണ്ട് യൂണിറ്റുകൾ നിർമിക്കുന്നതിന് റഷ്യയുടെ സഹായം. ഇതുസംബന്ധിച്ച കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ഒപ്പിട്ടു. പ്രധാനമന്ത്രിയും പുതിനും തമ്മിൽ സെയ്ന്റ് പീറ്റേഴ്സ് ബർഗിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.

ആണവോർജരംഗത്ത് സഹകരണം വർധിപ്പിക്കുമെന്ന് 2015-ൽ മോദിയും പുതിനും സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കരാർ. നിലയത്തിന്റെ അഞ്ചും ആറും യൂണിറ്റുകളാണ് റഷ്യൻസഹായത്തോടെ പൂർത്തിയാക്കുക. ഇതിന്റെ ചട്ടക്കൂട് കരാറിലും വായ്പാവ്യവസ്ഥയിലും ഇരുവരും ഒപ്പുവെച്ചു.

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും റഷ്യയുടെ ആറ്റംസ്ട്രോയ് എക്സ്പോർട്ടും ചേർന്നാണ് റിയാക്ടറുകൾ നിർമിക്കുക. 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി ഓരോ യൂണിറ്റിനും ഉണ്ടാകും.

ഊർജരംഗത്ത് ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുമെന്ന് ചർച്ചയ്ക്കുശേഷം പുറത്തിറക്കിയ കരടുരേഖയിൽ പറയുന്നു. കൂടംകുളത്തിനുപുറമേ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് കരാറുകൾക്കും ധാരണയായി. അഞ്ചുവർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 780 കോടി ഡോളറിൽനിന്ന് 3000 കോടി ഡോളറാക്കാനും ധാരണയായിട്ടുണ്ട്.