കോർ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് അമിത് ഷാ

0
160

ഘടകകക്ഷികൾക്കും മുന്നറിയിപ്പ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പടയൊരുക്കത്തിനായി കേരളത്തിലെത്തിയ ബി ജെ ദേശീയ അധ്യക്ഷൻ അമിത് ഷാ ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ചു. കേന്ദ്ര മന്ത്രിസഭയിൽ നൽകിയാൽ കേരളത്തിൽ കരുത്ത് കാട്ടാമെന്ന സംസ്ഥാന നേതാക്കളുടെ പരാമർശമാണ് അമിത് ഷായെ ചൊടിപ്പിച്ചത്. ആദ്യം ജയിച്ചു വരൂ, മന്ത്രിസ്ഥാനം പിന്നീട് ആലോചിക്കാമെന്ന് അമിത് ഷാ മറുപടി നൽകി.

സംസ്ഥാന നേതൃത്വത്തിൻറെ പോരായ്മകൾ ഓരോന്നായി ചൂണ്ടിക്കാട്ടിയ അമിത് ഷാ വിഭാഗീയത നടത്തുന്ന നേതാക്കളെ കടുത്ത ഭാഷയിൽ താക്കീത് ചെയ്തു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരാളെ എങ്കിലും ജയിപ്പിച്ചിരിക്കണം എന്ന അന്ത്യശാസനയും ഷാ നേതാക്കൾക്ക് നൽകി. സംസ്ഥാന നേതൃത്വത്തിൻറെ നേട്ടങ്ങൾ വിശദീകരിക്കാൻ നേതാക്കൾ നടത്തിയ ശ്രമവും അമിത് ഷാ തടഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിൻറെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടാൻ സംസ്ഥാന നേതാക്കൾ ശ്രമിച്ചെങ്കിലും വോട്ടിൻറെ എണ്ണം കൂടിയത് കൊണ്ടായില്ല, സ്ഥാനാർഥിയെ ജയിപ്പിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. വിജയിക്കാൻ കുറുക്ക് വഴികളില്ല എന്ന് അദ്ദേഹം സംസ്ഥാന നേതാക്കളെ ഓർമപ്പെടുത്തുകയും ചെയ്തു.

പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം നിർദേശം നൽകി. താഴെ തട്ട് മുതൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തി വിശദമായ റിപ്പോർട്ട് നൽകാനും അദ്ദേഹം നിർദേശിച്ചു. കേന്ദ്രഭരണവും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യവും ഉണ്ടായിട്ടും ന്യൂനപക്ഷ വിഭാഗങ്ങളെയോ പ്ര,മുഖ വ്യക്തികളെയോ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയാത്തതിൽ അമിത് ഷാ സംസ്ഥാന നേതാക്കളെ രൂക്ഷമായി വിമർശിച്ചു. ഇപ്പോഴത്തെ രീതിയിൽ പോയാൽ ബി ജെ പിക്ക് കേരളത്തിൽ നിന്ന് ഒരു എം പി യെ കിട്ടാൻ അത്ഭുദങ്ങൾ സംഭവിക്കേണ്ടി വരും. നേതാക്കളുടെ തമ്മിലടി കാരണം പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ല. ഇന്ത്യയിലുടനീളം മോഡി തരംഗം ആഞ്ഞടിച്ചിട്ടും കേരളത്തിൽ മാത്രം ഒന്നും നടക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സ്വയം നേതാക്കൾ ചമഞ്ഞു നടക്കാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ അദ്ദേഹം പരിഹാസരൂപേണ നേതാക്കളെ ഉപദേശിച്ചു.

എൻ ഡി എ സംവിധാനം ശക്തിപ്പെടുത്തണമെന്ന് കർശന നിർദേശം നൽകിയ അമിത്ഷാ ബി ജെ പിയുമായി സഹകരിക്കാൻ താത്പര്യമുള്ള എല്ലാവരെയും ഉൾക്കൊള്ളണമെന്ന കർശന നിർദേശവും നൽകി. ബി ജെ പി സംസ്ഥാന നേതാക്കൾ കോർ കമ്മിറ്റി മയോഗത്തിൽ പങ്കെടുത്തു. ദേശീയ സെക്രട്ടറി എച്ച്. രാജയും യോഗത്തിൽ പങ്കെടുത്തു.

എൻ ഡി എ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അമിത് ഷാ ഘടകകഷികളെയും വെറുതെ വിട്ടില്ല. ശക്തി തെളിയിച്ചിട്ട് അവകാശവാദം ഉന്നയിച്ചാൽ മതിയെന്നായിരുന്നു സ്ഥാനമാനങ്ങൾ അക്കമിട്ടു ചോദിച്ച ഘടകകക്ഷികൾക്ക് ഷാ നൽകിയ മറുപടി. ബി ജെ പിയുമായി സഹകരിക്കാൻ താത്പര്യമുള്ള എല്ലാവരെയും ഉൾക്കൊള്ളുമെന്നും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും മാന്യമായി പരിഗണിക്കുമെന്നും പറഞ്ഞ അമിത് ഷാ എന്നാൽ ഇതിൻറെ പേരിൽ ആരും വിരട്ടാൻ വരേണ്ടെന്ന് മുന്നറിയിപ്പും നൽകി. ഘടകകക്ഷികളും ബി ജെ പി സംസ്ഥാന നേതൃത്വവുമായുള്ള ഏകോപനമില്ലായ്മ ചൂണ്ടിക്കാണിച്ച അമിത് ഷാ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് പോകണമെന്ന താക്കീതും നൽകി. ബി ഡി ജെ എസിൻറെ പരാതികൾ  .ഗൗരവമായി എടുക്കുമെന്ന് പറഞ്ഞ അമിത് ഷാ ബി ജെ പിക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്ശങ്ങളോടുള്ള വിയോജിപ്പും തുഷാർ വെള്ളാപ്പള്ളിയെ അറിയിച്ചു. രാജൻ കണ്ണാട്ട്, സി കെ ജാനു, അഡ്വ.രാജൻ ബാബു, കുരുവിള മാത്യുസ്, പി സി തോമസ്, രമ ജോർജ് തുടങ്ങിയവരും എൻ ഡി എ യോഗത്തിൽ പങ്കെടുത്തു.

ക്രൈസ്തവ സഭയെ ബി ജെ പിയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ അമിത്ഷാ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങൾക്കും സംസ്ഥാന ബി ജെ പിക്കും സഭയുടെ പിന്തുണ അഭ്യർഥിച്ചു. സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർത്തോമാ സഭയിൽ നിന്ന് ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് തോമസ് മാർ അത്തനാസിയോസ്, പൊഴിയൂർ സിറിയൻ സഭയിൽ നിന്ന് മാർ കുറിലോസ് മെത്രാപ്പോലീത്ത, ലത്തീൻ സഭയിൽ നിന്ന് ആർച്ച് ബിഷപ്പ് മാർ കളത്തിപ്പറമ്പിൽ, ക്‌നാനായ സഭയെ പ്രതിനിധീകരിച്ച് ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സവാറിയോസ് എന്നിവർ അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.