ചെന്നൈ സില്‍ക്‌സിന്റെ കെട്ടിടം പൊളിച്ചു തുടങ്ങി

0
134

ചെന്നൈ സില്‍ക്‌സിന്റെ ടി.നഗറിലുള്ള കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചു തുടങ്ങി. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് കെട്ടിടം പൊളിച്ചുനീക്കല്‍ തുടങ്ങിയിരിക്കുന്നത്.

ഇന്നലെയാണ് കെട്ടിടത്തിനു തീപിടിച്ചത്. എട്ടു നിലകളുള്ള കെട്ടിടത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും അഗ്നിക്കിരയായിരുന്നു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ നിലയിലായതിനാല്‍ ഒരോ നിലയായി പൊളിച്ചുനീക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി അഗ്നിശമനസേനാംഗങ്ങള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ യന്ത്രങ്ങള്‍ കൊണ്ടുവന്ന് പൊളിച്ച് നീക്കല്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. മുന്‍കരുതലെന്ന നിലയില്‍ കെട്ടിടത്തിന്റെ അടുത്ത് താമസിക്കുന്നവരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. പൊളിക്കുമ്പോള്‍ താഴേക്കുവീണ് തെറിച്ചുപോകാതിരിക്കാന്‍ കെട്ടിടത്തിന് ചുറ്റും ലോറികളില്‍ പൊടിമണ്ണ് കൊണ്ടുവന്നിട്ടിട്ടുണ്ട്.

മൂന്നുദിവസംകൊണ്ട് കെട്ടിടം പൂര്‍ണമായി പൊളിക്കുമെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച ധനമന്ത്രി ഡി. ജയകുമാര്‍ അറിയിച്ചത്. താഴെത്തെനിലയില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കുന്നതിന് കാരണമായതെന്ന് സൂചന.