നല്ല മഴക്കാലത്തിനായി വഴിപാടുകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ മാറ്റിവച്ചത് 20 ലക്ഷം

0
178

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കടുത്ത ജലക്ഷാമവും വരള്‍ച്ചയും നേരിടുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയൊന്നും പ്രവചനങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന് വിശ്വാസമില്ല. അതുകൊണ്ട് മഴ ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കിവച്ചത് 20 ലക്ഷം രൂപ. സര്‍ക്കാരിന്റെ അധീനതയിലുള്ള കൃഷ്ണ, കാവേരി കുടിവെള്ള ബോര്‍ഡുകള്‍ക്കാണ് പൂജകള്‍ക്കുവേണ്ടി 10 ലക്ഷം രൂപ വീതം ചെലവഴിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുവാദം നല്‍കിയത്.

വരള്‍ച്ച നേരിടാന്‍ 4000 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയും തുക പൂജയ്ക്കും നേര്‍ച്ചകള്‍ക്കുമായി ഒരു സര്‍ക്കാര്‍ തന്നെ മാറ്റിവയ്ക്കുന്നത്.

പൂജകളുടെ ഭാഗമായി ജലവിഭവ മന്ത്രി എം.ബി.പാട്ടീല്‍തന്നെ വെള്ളിയാഴ്ച മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ ആദ്യ പൂജയ്ക്കായി പോകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ താന്‍ യാഗത്തിലും പൂജകളിലുമൊന്നും വിശ്വസിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി സിദ്ദരാമയ്യ മൈസൂറില്‍ മാധ്യമങ്ങളോട് പറഞ്ഞത്.