പാക്ക് ബാലന് ഇന്ത്യയിൽ ചികിത്സ ഉറപ്പാക്കി സുഷമ സ്വരാജ്

0
150

അതിർത്തിയിൽ സംഘർഷങ്ങളും വെടിയൊച്ചകളും നിലക്കാതെ തുടരുമ്പോഴും മനസക്ഷിയുള്ളവരാണ് തങ്ങൾ എന്ന് തെളിയിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്ന് തന്റെ രണ്ടര വയസുകാരൻ മകന് ഇന്ത്യയിൽ ചികിത്സ തേടാൻ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കൽ വീസ അനുവദിച്ചു കൊണ്ടാണ് സുഷമ സ്വരാജ് മാതൃകയായത്.

സാധാരണക്കാർക്ക് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനായി സുഷമ സൃഷ്ടിച്ച ട്വിറ്റർ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പാകിസ്ഥാൻ സ്വദേശി സയീദിന്റെ സുഷമാ സ്വരാജിനോട് സഹായാഭ്യർഥന നടത്തിയത്.

സയീദിന്റെ രോഗബാധിതനായ കുഞ്ഞ്

സയീദിന്റെ പോസ്റ്റിനു കീഴിൽ അദ്ദേഹത്തിന്റെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യർഥനയുമായി ഒട്ടേറെ ഇന്ത്യക്കാർ എത്തുകയായിരുന്നു. കുഞ്ഞിന്റെ ആയുരാരോഗ്യത്തിനായി പ്രാർഥനയും ആശംസകളും നേർന്ന് കമന്റുകൾ നിറഞ്ഞു. പോസ്റ്റ് ഇത്തരത്തിൽ വൈറൽ ആയതോടെ സുഷമ സ്വരാജ് സഹായ വാഗ്ദാനവുമായി രംഗത്തെത്തി.

”ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങൾ മെഡിക്കൽ വീസ ലഭ്യമാക്കാം.”-എന്നാണ് വിദേശകാര്യ മന്ത്രി മറുപടിയായി തന്റെ  ട്വിറ്ററിൽ കുറിച്ചത്.

സഹായ വാഗ്ദാനം ഉറപ്പുവരുത്തി കൊണ്ടുള്ള സുഷമാ സ്വരാജിന്റെ ട്വീറ്റ്

സുഷമയുടെ നിർദേശപ്രകാരം ഇന്ത്യൻ എംബസിയെ സമീപിച്ച സയീദിനും കുടുംബത്തിനും നിരാശപ്പെടേണ്ടി വന്നില്ല. മൂന്നു മാസത്തെ വീസയ്ക്കായി ശ്രമിച്ചുവന്ന സയീദിനും കുടുംബത്തിനും നാലു മാസത്തേയ്ക്കുള്ള വീസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്.