പ്രതിഷേധത്തിന്റെ ഫോട്ടോ എടുത്തില്ല ; ഗോരക്ഷകർ വിദ്യാർഥിയെ പിന്തുടർന്ന് കുത്തി പരിക്കേൽപ്പിച്ചു

0
150


കേരളത്തിൽ പരസ്യമായി മാടിനെ കശാപ്പ് ചെയ്തതിന് എതിരെ ഹരിയാണയിലെ സോനിപത് ജില്ലയിൽ   നടന്ന പ്രതിഷേധത്തിൽ തങ്ങളുടെ  ഫോട്ടോ എടുക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ ഗോ സംരക്ഷകർ കുത്തി പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവം എന്ന ബിരുദ വിദ്യാർഥിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിയാണയിലെ സോനിപത് ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഗോരക്ഷാ സേവാദൾ പ്രവർത്തകർ സോനിപതിൽ പ്രതിഷേധ പരിപാടി നടത്തിയത്. പരിപാടി നടക്കുന്നിടത്ത് സുഹൃത്തിന്റെ കാമറയുമെടുത്ത് ശിവവുമെത്തിയിട്ടുണ്ടായിരുന്നു.ശിവം മാധ്യമ പ്രവർത്തകനാണെന്ന് കരുതി ഗോരക്ഷാ സേവാ ദൾ പ്രവർത്തകരിൽ ഒരാൾ തങ്ങളുടെ ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ശിവം തയ്യാറായില്ല. തുടർന്ന് പ്രതിഷേധ പരിപാടി കഴിഞ്ഞ് ശിവനെ പിന്തുടർന്ന സംഘം ഇയാളെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മോഹിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഹിത്തിനൊപ്പം മറ്റ് രണ്ടുപേർകൂടി ഉണ്ടായിരുന്നുവെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു.