ബീഫ് ഫെസ്റ്റ്: കേരള ഹൗസില്‍ അതിക്രമിച്ചുകയറി ഗോരക്ഷകരുടെ പ്രതിഷേധം

0
160

കേരളത്തില്‍ വ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിനെതിരെ കേരള ഹൗസിലേയ്ക്ക് അതിക്രമിച്ചുകയറി ഗോരക്ഷകരുടെ പ്രതിഷേധം. ഭാരതീയ ഗോരക്ഷാ ക്രാന്തി എന്ന സംഘടന ഇത്തരത്തില്‍ പ്രതിഷേധിച്ചത്. പതിനഞ്ചോളം പേരടങ്ങുന്ന സംഘം സുരക്ഷാജീവനക്കാരെ തള്ളിനീക്കിയാണ് കേരള ഹൗസിനുള്ളില്‍ കയറി പ്രതിഷേധിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ കേരള ഹൗസ് കവാടത്തില്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞെങ്കിലും അവര്‍ പിന്മാറിയില്ല. എല്ലാവരെയും തള്ളിമാറ്റിയും ഉച്ചത്തില്‍ ആക്രോശിച്ചും അവര്‍ ഗേറ്റ് കടന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു.

തുടര്‍ന്ന്, അവിടെയുള്ളവര്‍ക്ക് പാല്‍ വിതരണം ചെയ്യാന്‍ തുടങ്ങി. പാലു കുടിച്ചെങ്കിലും കേരളത്തിലുള്ളവര്‍ക്ക് നല്ല ബുദ്ധി വരട്ടെയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി. പ്രതിഷേധിക്കാന്‍ അനുമതിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഹിന്ദുധര്‍മത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും ആരുടെയും അനുമതി ആവശ്യമില്ലെന്നുമായിരുന്നു മറുപടി.

പോലീസ് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പാലുമുഴുവന്‍ വിതരണം ചെയ്തിട്ടേ പോവൂവെന്ന് ഗോരക്ഷാസംഘം പറഞ്ഞു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരേ അവര്‍ ആക്രോശിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല.