ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചാൽ നടപടി

0
124

 പ്രത്യേക സൗകര്യങ്ങളൊരുക്കാൻ സ്‌കൂൾ അധികൃതർ ശ്രദ്ധിക്കണം

അംഗപരിമിതരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചാൽ നടപടിയെടുക്കുമെന്ന് അംഗപരിമിതർക്കായുള്ള സംസ്ഥാന കമ്മീഷണർ ഡോ. ജി. ഹരികുമാർ അറിയിച്ചു. സ്‌കൂൾ പ്രവേശനം അവരുടെ ജൻമാവകാശവും സൗജന്യവുമാണ്. ഇത് സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രണ സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ ബാധകമാണ്. സ്‌കൂൾ അധികൃതരും പി.ടി.എയും ഇക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇത്തരം വിദ്യാർഥികൾക്ക് അർഹതപ്പെട്ട പ്രത്യേക സൗകര്യങ്ങളായ സ്‌കൂളുകളിലെ പ്രത്യേക ശൗചാലയം, ചവിട്ടുപടികൾ ഇല്ലാത്ത യാത്രാവഴി, താഴത്തെ നിലയിൽ പഠനമുറി, സ്പെഷ്യൽ ടീച്ചർ, റിസോഴ്സ് മുറികൾ എന്നിവയും ഏർപ്പെടുത്തണം. അംഗപരിമിതർക്കുള്ള 1995ലെ ദേശീയനിയമത്തിൽ അംഗപരിമിത കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാൻ നിരവധി നിബന്ധനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൈകല്യമുള്ള കുട്ടിക്ക് 18 വയസ് തികയുന്നതുവരെ സമുചിതമായ ചുറ്റുപാടിൽ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നെന്ന് ഉറപ്പാക്കണം. വൈകല്യമുള്ള കുട്ടികളെ സാധാരണ വിദ്യാലയങ്ങളുമായി സമന്വയിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണം. വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സ്‌കൂളുകളിൽ തൊഴിലധിഷ്ഠിത പരിശീലന സൗകര്യങ്ങൾ സജ്ജമാക്കാൻ ശ്രമിക്കണമെന്നുമുൾപ്പെടെ നിബന്ധനകൾ നിയമത്തിലുണ്ട്. ഇതു സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ അംഗപരിമിതർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, സോഷ്യൽ വെൽഫെയർ ഇൻസ്റ്റിറ്റിയൂഷൻ കോംപ്ലക്സ്, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ അറിയിക്കാം.