എല്ലാവരും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നു. തന്റെ മക്കള്‍ക്കും അതുപോലെ നല്ല വിദ്യാഭ്യാസം നല്‍കണം. അതിനായി തന്റെ കിഡ്നി വില്ക്കാന് ഒരുങ്ങിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലുള്ള ഒരമ്മ.
ആഗ്രയിലെ റോഹ്തയില് താമസിക്കുന്ന ആരതി എന്ന യുവതിയാണ് തന്റെ മക്കളുടെ ജീവിതത്തിന് വേണ്ടി കിഡ്നി വില്ക്കാന് തയ്യാറായത്. അതിനായി കഴിഞ്ഞ ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ കിഡ്നി വില്ക്കാന് തയ്യാറാണെന്ന കാര്യം അറിയിച്ച് കത്ത് പോസ്റ്റ് ചെയ്തിരുന്നു.
മനോജിനും ആരതിക്കും നാല് കുട്ടികളാണുള്ളത്. മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. സി.ബി.എസ്.ഇ സ്കൂളില്‍ പഠിക്കുന്ന ഇവരുടെ ഫീസ് കെട്ടാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായതോടെയാണ് ആരതി കിഡ്നി വിക്കാന്‍ തയ്യാറായത്.
ആരതിയുടെ ഭര്‍ത്താവിന് മനോജ് ശര്‍മയ്ക്ക് റെഡിമെയ്ഡ് കച്ചവടമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തികമായി വന്‍ നഷ്ടമായതിനെ തുടര്‍ന്ന് ഈ ബിസിനസ് അവസാനിപ്പിക്കുകയായിരുന്നു.
സാമ്പത്തികമായി വന്‍ നഷ്ടമായതിനെ തുടര്‍ന്ന് ഏപ്രില്‍ 29ന് ആരതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരില്‍ നിന്നും യോഗി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചില്ലെന്നും ആരതി പറയുന്നു.
അതേസമയം കിഡ്നി വില്‍ക്കുക എന്നത് ആരതി എടുത്ത തീരുമാനമാണെന്നാണ് ഭര്‍ത്താവ് മനോജ് പറയുന്നത്. ഇപ്പോള്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്ക് മാസം 4,000 മുതല്‍ 5,000 വരെ മാത്രമാണ് വരുമാനമുള്ളതെന്നും മനോജ് പറയുന്നു.