മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർത്ത് വിൽക്കുന്നവർക്കെതിരെ കർശന നടപടി: ശൈലജ ടീച്ചർ

0
141

സംസ്ഥാനത്തെ മാർക്കറ്റുകളിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർത്ത് മത്സ്യ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. രാസവസ്തുക്കൾ ചേർത്ത് മത്സ്യ വിൽപ്പന നടത്തുന്നത് തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ സാഗർറാണി പദ്ധതി കാര്യക്ഷമമാക്കിയിട്ടുണ്ട്. ഈ പദ്ധതി ഇപ്പോൾ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ മത്സ്യബന്ധന വിപണന കേന്ദ്രങ്ങളിൽ നിന്നും മത്സ്യത്തിന്റെയും വെള്ളത്തിന്റെയും ഐസിന്റെയും സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള ലാബുകളിലും കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലും പരിശോധനയ്ക്ക് വിധേയമാക്കും. രണ്ടാംഘട്ടത്തിൽ മത്സ്യബന്ധന വിപണന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവബോധന ക്ലാസുകൾ നടത്തും. മത്സ്യം കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, എങ്ങനെ കേടുകൂടാതെ സൂക്ഷിക്കണമെന്നും അവബോധനം സൃഷ്ടിക്കും. മൂന്നാംഘട്ടത്തിൽ മത്സ്യബന്ധന വിപണന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമാക്കും. മാത്രമല്ല 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന രീതിയിൽ വെള്ളത്തിന്റെയും ഐസിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടികളും സ്വീകരിക്കും. സുരക്ഷിതവും ആരോഗ്യപരവുമായ മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഓപ്പറേഷൻ സാഗർറാണിയിലൂടെ സാധിക്കുമെന്നും ഇതിനെകുറിച്ച് ജനങ്ങൾ ബോധവാൻമാരാകണമെന്നും മന്ത്രി അറിയിച്ചു.