വരുമാന നഷ്ടം പരിഹരിക്കുന്നതിനായി കേരളത്തില്‍ മദ്യത്തിനും ബിയറിനും വിലവര്‍ധിപ്പിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റേയും ബിയറിന്റേയും വിലയണ് ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നത്. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയുമാണ് വില വര്‍ധന. അതായത് വിലയുടെ അഞ്ച് ശതമാനമാണ് വര്‍ധിപ്പിക്കുന്നത്.
ബിയറിന്റെ വില 10 രൂപ മുതല്‍ 20 രൂപ വരെയാണ് കൂടുക. ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍ നിന്നു 29 ശതമാനമായി ബവ്റജിസ് കോര്പ്പറേഷന് ഉയര്‍ത്തി. ഇതിന്റ അടിസ്ഥാനത്തിലാണ് ആനുപാതിക വില വര്‍ധന. അതായത് 750 മില്ലിലിറ്റര്‍ മക്ഡവല്‍ ബ്രാന്‍ഡിയുടെ വില നിലവിലുള്ളതിനേക്കാള്‍ 20 രൂപ കൂടും.
ബവ്കോയില്‍ നിന്നുള്ള വരുമാനത്തിന്റെ കുറവ് സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തെ സാരമായാണ് ബാധിച്ചത്. എന്നാല്‍ ദേശീയപാതയില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കോടതി അനുമതി നല്‍കിയതോടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് ബവ്കോയുടെ കണക്കുകൂട്ടല്‍.