മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തിന് ഓര്‍ഡിനന്‍സായി. തദ്ദേശ സ്ഥാപനങ്ങളുടെ എന്‍.ഒ.സി. ആവശ്യമില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ പി.സദാശിവം ഒപ്പുവച്ചതോടെ തീരുമാനം പ്രാബല്യത്തിലായി.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം. അധികാര വികേന്ദ്രീകരണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഓര്‍ഡിന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് ഓര്‍ഡിനന്‍സിനെതിരായി ഗവര്‍ണറെ കാണാനിരിക്കെയാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇത് മാറ്റി സ്ഥാപിക്കാന്‍ ബെവ്കോ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പ് മൂലം ഇവ മാറ്റി സ്ഥാപിക്കാന്‍ ബിവറേജസ് കോര്പ്പറേഷന് പലപ്പോഴും സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പുതിയ ഓര്‍ഡിന്‍സ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നത്. മദ്യ മുതലാളിമാരേയും ബാര്‍ ഉടമകളേയും സഹായിക്കാനാണ് ഇടത് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂണ്‍ 30നു മുമ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറുകള്‍ക്ക് അനുകൂലവും ടൂറിസം മേഖലയെ സഹായിക്കുന്ന തരത്തിലുള്ള ഒരു മദ്യനയമായിരിക്കും ഇടത് സര്‍ക്കാരിന്റേതെന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. സി.പി.എമ്മിന്റെ ഈ നിലപാടിന് എല്‍.ഡി.എഫിലെ പ്രബല കക്ഷിയായ സി.പി.ഐയും അനുകലമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു തീരുമാനം നടപ്പിലാകുകതന്നെ ചെയ്യും.