മദ്രാസ് ഐ.ഐ.ടിയിലെ മര്‍ദനം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

0
89

കന്നുകാലികച്ചവടം നിരോധിച്ച കേന്ദ്ര ഉത്തരവില്‍ പ്രതിഷേധിച്ച് മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റിവെല്‍ നടത്തിയ മലയാളിയായ സൂരജിനെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം. സൂരജിനെ മര്‍ദിച്ച മനീഷ് കുമാര്‍ സിങ് എന്നയാളെ ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. അതേസമയം മര്‍ദനമേറ്റ സൂരജിന്റെ വലതു കണ്ണിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തി, സൂരജിനെ ഐ.ഐ.ടി. അധികൃതര്‍ ആരും ഇതുവരെ സന്ദര്‍ശിച്ചിട്ടുമില്ല. ഇതാണ് അട്ടിമറി ശ്രമത്തിന്റെ സാധ്യത ശക്തമാക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ഭയം തനിക്കുണ്ടെന്നും നിര്‍ണായകമായ പല കാര്യങ്ങളും വിട്ടു കളഞ്ഞു കൊണ്ടാണ് പോലീസ് എഫ്.ഐ.ആര്‍. തയാറാക്കിയതെന്നും ആശുപത്രിയില്‍ നിന്ന് ഷൂട്ട് ചെയ്ത ഒരു ഫേസ്ബുക്ക് വീഡിയോയില്‍ സൂരജ് പറയുന്നു.

സൂരജിനെതിരായ ആക്രമണം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ലെന്നും മലയാളികളടക്കമുള്ളവരെ അസഹിഷ്ണുതയോടെ കാണുന്ന ഒരു വിഭാഗം ഐ.ഐ.ടിയില്‍ നേരത്തെ തന്നെയുണ്ടായിരുന്നും സ്ഥാപനത്തിലെ മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു. ഇത്തരം അനുഭവങ്ങള്‍ ചില വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്.