യച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബംഗാള്‍ ഘടകത്തിന്റെ പ്രമേയം

0
130

ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കണമെന്ന് സി.പി.എം. ബംഗാള്‍ ഘടകം പ്രമേയം പാസാക്കി. പ്രമേയം കേന്ദ്രകമ്മിറ്റിക്ക് അയച്ചിട്ടുണ്ട്.

രണ്ട് തവണയെന്ന സി.പി.എം. കീഴ്വഴക്കവും ജനറല്‍ സെക്രട്ടറി മത്സരിക്കുന്ന രീതി ഒഴിവാക്കുക എന്ന നയവും ഇക്കുറി തിരുത്തണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. പ്രമേയം കിട്ടിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്രഘടകം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ യച്ചൂരി മത്സരിക്കുന്നതിനോട് സി.പി.എമ്മിലെ കേന്ദ്ര നേതൃത്വത്തില്‍തന്നെ ഒരു വിഭാഗത്തിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ യച്ചൂരി മത്സരിക്കേണ്ടതില്ലെന്നാണ് കാരാട്ട് ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന്റെ വാദം.

യച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മത്സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസും അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വച്ചിരുന്നു.

സി.പി.എം. കീഴ്വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല, ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്ന് നേരത്തെ യച്ചൂരി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യച്ചൂരി പറഞ്ഞിരുന്നു.