യുവതി ലിംഗം ച്ഛേദിച്ച ഗംഗേശാനന്ദ കസ്റ്റഡിയില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല

0
165

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ ലിംഗച്ഛേദം നടത്തിയ സ്വാമി ഗംഗേശാനന്ദ അന്വേഷണത്തിന് പോലീസിനോട് സഹകരിക്കുന്നില്ല. ഇന്നലെയാണ് ഗംഗേശാനന്ദയെന്ന ശ്രീഹരിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. താന്‍ നിരപരാധിയാണെന്നും തന്നെ യുവതിയും അവരുടെ ആള്‍ക്കാരും ചേര്‍ന്ന് കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നുമാണ് സ്വാമി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ തയാറാകാതിരിക്കുന്ന സ്വാമിയോട് യുവതിയുമായും കുടുംബവുമായുമുള്ള അടുപ്പത്തെപ്പറ്റിയും ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായ ആരോപണങ്ങളെ സംബന്ധിച്ചും പോലീസ് തുടര്‍ച്ചയായി ചോദിച്ചെങ്കിലും തന്നെ പെണ്‍കുട്ടിയും കുടുംബവും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നു മാത്രമണ് ഗംഗേശാനന്ദ പറയുന്നത്. ഇന്നലെ രാത്രി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ശംഖുംമുഖം അസി.കമ്മിഷണര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നില്‍ ഗംഗേശാനന്ദ പൊട്ടിക്കരഞ്ഞു.

രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സ്വാമി അന്വേഷണവുമായി സഹകരിക്കാതിരിക്കുന്ന സാഹചര്യത്തല്‍ എന്തുചെയ്യുമെന്ന ആലോചനയിലാണ് പോലീസ്. ജനനേന്ദ്രിയം മുറിഞ്ഞുമാറിയ ഭാഗത്ത് വേദനയും അസ്വസ്ഥതകളുമുള്ളതായി ഭാവിച്ചാണ് സ്വാമി അന്വേഷണസംഘത്തോട് അസഹിഷ്ണുത കാട്ടുന്നത്. സ്വാമിയെ ശാരീരികമായി ഉപദ്രവിക്കരുതെന്ന് പോലീസിന് കസ്റ്റഡി അനുവദിച്ചുകൊണ്ട് പ്രത്യേനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ആശുപത്രി സെല്ലില്‍ചികിത്സയിലായിരുന്ന സ്വാമിയുടെ ആരോഗ്യ നില പൊലീസ് കസ്റ്റഡിയിലും ഭദ്രമാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ സഹായത്തോടെ ഉറപ്പാക്കുന്നുണ്ട്. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും പൊലീസ് നല്‍കിയ ഭക്ഷണം കഴിക്കാന്‍ തയ്യാറായ സ്വാമിയ്ക്ക് കാവലിന് നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ മരുന്നുകളും മുടക്കം കൂടാതെ നല്‍കി. മൂത്രം പോകാന്‍ ട്യൂബിട്ടിരിക്കുന്നതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാണ് സ്വാമിയ്ക്ക് ബുദ്ധിമുട്ടുള്ളത്. എന്നിരുന്നാലും സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ കോടതിയെ ബോധിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ഇനി ചോദ്യം ചെയ്യാന്‍ പോലീസ് ഉദ്ദേശിക്കുന്നത്.

സ്വാമിയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഇനി ഒരു ദിവസംകൂടി മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ പരമാവധി വിവരങ്ങള്‍ അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ശേഖരിക്കാനാകും പോലീസിന്റെ ശ്രമം. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പോലീസ് നല്‍കിയിരിക്കുന്ന പരാതിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനും സ്വാമി നല്‍കുന്ന വിവരങ്ങളിലൂടെ മാത്രമേ പോലീസിന് കഴിയൂ. മാത്രമല്ല പെണ്‍കുട്ടിക്കെതിരേ ഡി.ജി.പിക്കു മുന്നിലും പരാതിയുണ്ട്. ഇക്കാര്യത്തിലും പോലീസിന് നടപടിയെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിലെല്ലാം മുന്നോട്ടുപോകണമെങ്കില്‍ പോലീസിന് സ്വാമിയില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേ മതിയാകൂ. അതിനുള്ള പരിശ്രമമാണ് പോലീസ് നടത്തുന്നത്.