റേഷന്‍ കാര്‍ഡ് വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്

0
121

പുതിയ റേഷന്‍ കാര്‍ഡിന്റെ വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് കത്ത് നല്‍കി. പൊതു വിഭാഗത്തിന് 100 രൂപയും മുന്‍ഗണനാ വിഭാഗത്തിന് 50 രൂപയുമാണ് റേഷന്‍ കാര്‍ഡിനുള്ള വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇത് വളരെ കൂടുതലാണ്. നേരത്തെ ഇത് അമ്പതും മുപ്പതും രൂപ വീതമായിരുന്നു. ഈ വില വച്ച് 61.6 കോടി രൂപയാണ് സാധാരണക്കാരില്‍ നിന്ന് സര്‍ക്കാര്‍ പിഴിഞ്ഞെടുക്കുന്നത്. ഇത് നീതീകരിക്കാവുന്നതല്ല. പുതിയ കാര്‍ഡുകളുടെ വില കുറയ്ക്കണം. ഇപ്പോള്‍ വന്‍വില നല്‍കി വാങ്ങേണ്ടി വരുന്ന കാര്‍ഡുകളില്‍ നിറയെ തെറ്റുകളാണ്. കാര്‍ഡുകളിലെ തെറ്റു തിരുത്തുന്നതിന് ലഭിച്ച 12 ലക്ഷം അപേക്ഷകളിന്‍ ഭൂരിഭാഗത്തിന്മേലും നടപടി എടുക്കാതെയാണ് റേഷന്‍ കാര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്. ശരിയായ മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ കാര്‍ഡ് വിതരണം നടത്തുന്നത് ആശയക്കുഴപ്പത്തിനും ഇടയാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം റേഷന്‍കാര്‍ഡ് വിതരണം നടത്തണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.