വയനാട് ബ്രാൻഡഡ് കോഫിക്കായി പ്രത്യേക കമ്പനി: മന്ത്രി വി.എസ്.സുനിൽകുമാർ

0
123

വയനാട് കോഫിയെ പ്രത്യേകമായി ബ്രാൻഡ് ചെയ്ത് ഉദ്പാദിപ്പിക്കുന്നതിന് കമ്പനി രൂപീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. മന്ത്രിസഭാ വാർഷികത്തിന്റെ ഭാഗമായി ജില്ലയ്ക്കനുവദിച്ച മുള്ളൻകൊല്ലി-പുൽപ്പള്ളി സമഗ്ര വരൾച്ചാ ലഘൂകരണ പദ്ധതി പുൽപ്പള്ളി സേക്രട് ഹാർട് ചർച്ച് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കത്തക്ക വിധത്തിൽ 80.20 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയാണിത്. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യം. മൂന്നു പതിറ്റാണ്ടായി വരൾച്ച നേരിടുന്ന പ്രദേശമാണ് മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്ത്. ഇവിടത്തെ ഭൂഗർഭ ജലനിരപ്പ് ഉയർത്തി ജല ലഭ്യതയും ഫലഭൂയിഷ്ഠതയും വർദ്ധിപ്പിക്കാനുള്ള ശാസ്ത്രീയമായ പദ്ധതിയാണിത്.

ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാവുന്ന ദുരന്തത്തിന്റെ സൂചനയാണ് മുള്ളൻകൊല്ലി-പുൽപ്പള്ളി പ്രദേശങ്ങളിൽ കണ്ടത്. പദ്ധതി വിജയിപ്പിക്കേണ്ടത് ജില്ലയുടെ ആകെ നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പ്രത്യേക കാർഷിക മേഖലയിൽ വയനാടും ഉൾപ്പെടുന്നു. ജില്ലയിലെ പരമ്പരാഗത വിത്ത് ഉപയോഗിക്കുന്ന നെൽവയലുകളെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കാർഷിക മേഖലകളിലൂടെ 3000 ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിപ്പിക്കും. ഇതിനായി 2 കോടി 86 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. വരൾച്ചയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കുടിശ്ശിക 27 കോടി രൂപയും നൽകി കഴിഞ്ഞു. ചെറുകിട തേയില കർഷകരുടെ ഉൽപ്പാദന ശൃംഖലയും പരിഗണനയിലാണ്.

അമ്പലവയൽ റിസർച്ച് സ്റ്റേഷൻ വിപുലീകരിക്കും. ഓഗസ്റ്റിൽ നടക്കുന്ന ചക്ക ഉത്സവം ഇതിന്റെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. ഐ.സി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, എ.ഡി.എം. കെ.എം.രാജു, മണ്ണുപര്യവേഷണ-മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ.ജസ്റ്റിൻ മോഹൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു.ദാസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യൻ, കെ.ജെ പോൾ, ശിവരാമൻ പാറക്കുഴി, ശ്രീജ സാബു, പി.സി.സജി, മേഴ്സി ബെന്നി, എ.എൻ.പ്രഭാകരൻ, വർഗ്ഗീസ് മുരിയൻകാവിൽ തുടങ്ങിയവർ പങ്കെടുത്തു. ഈ സാമ്പത്തിക വർഷം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപയും പനമരം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകൾ 50 ലക്ഷം രൂപ വീതവും ഉൾപ്പെടെ 2.40 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ വിഹിതമായി പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 3.46 ലക്ഷം തൊഴിൽ ദിനങ്ങളും ഈ പദ്ധതി പ്രകാരം വിഭാവനം ചെയ്യുന്നുണ്ട്. കബനീ തീരത്ത് 12 കി.മീ. നീളത്തിൽ മൂന്ന് വരിയിൽ തനതു നാടൻ ഇനത്തിൽപ്പെട്ട വൃക്ഷതൈകൾ നടുകയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് അവയെ പരിപാലിക്കുകയും ചെയ്യും.

6000 ഹെക്ടർ കര പ്രദേശത്ത് നാടൻ ഇനത്തിൽപ്പെട്ട 15000 വൃക്ഷതൈകൾ പദ്ധതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ സഹായത്തോടുകൂടി വച്ചുപിടിപ്പിക്കുകയും മൂന്ന് വർഷത്തേക്ക് പരിപാലിക്കുകയും ചെയ്യും. പദ്ധതി പ്രദേശത്തെ ചെറുതും വലുതുമായ നർച്ചാലുകളുടെ ഓരങ്ങളിൽ 100 കി.മീ. നീളത്തിൽ ഓട, മുള എന്നിവ വച്ചു പിടിപ്പിച്ച് 2 വർഷത്തേക്ക് പരിപാലിക്കുന്നു. 200 ഹെക്ടർ സ്ഥലത്ത് തീറ്റപ്പുൽകൃഷിക്ക് ധനസഹായം നൽകി തീറ്റപ്പുൽക്ഷാമം പരിഹരിക്കും. 200 ഹെക്ടർ സ്ഥലത്ത് കരനെൽകൃഷി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി 500 കുളങ്ങളും തടയണകളും നിർമ്മിക്കും.