വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അനില്‍ അംബാനിയുടെ ടെലികോം കമ്പനി ആര്‍ക്കോം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ആര്‍കോമിന്റെ ഓഹരികള്‍ക്ക് 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനിയുടെ നഷ്ടം 1,285 കോടി രൂപയാണ്.
ജിയോ വന്നതോടെയാണ് മുന്‍ വര്‍ഷം 660 കോടി രൂപ ലാഭമുണ്ടാക്കിയ ആര്‍കോം ഇത്തരത്തില്‍ ഇടിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ആര്‍കോമിന്റെ മൊത്തവരുമാനം 4524 കോടി രൂപയായിരുന്നു. നഷ്ടം 966 കോടി രൂപയും. കഴിഞ്ഞ വര്‍ഷം ഇത് 90 കോടി രൂപ ലാഭമായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത് ആദ്യമായി ടെലികോം മേഖല ഒന്നടക്കം വന്‍ നഷ്ടത്തിലാകുന്നത്.
കമ്പനി നഷ്ടത്തിലായതോടെ പത്തോളം ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍കോം ടെലികോം വിഭാഗത്തിനു മാത്രമായി 42,000 കോടി രൂപ കടമുണ്ടെന്നാണ് അറിയുന്നത്. ഈ തുകയെല്ലാം വിവിധ ബാങ്കുകള്‍ക്ക് നല്കാനുള്ളതാണ്.
ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. ടെലികോം ഓഹരി വിപണിയില്‍ വന്‍ നഷ്ടം സംഭവിച്ചെങ്കിലും നിക്ഷേപരാരും പരിഭ്രമിക്കേണ്ട എന്ന് അനില്‍ അംബാനി വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.