വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻഗണന -മുഖ്യമന്ത്രി പിണറായി വിജയൻ

0
242

* വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബെർത്ത് നിർമാണോദ്ഘാടനം നിർവഹിച്ചു

കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം പദ്ധതി സഫലമാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബെർത്ത് നിർമാണോദ്ഘാടനം മുല്ലൂരിലെ പദ്ധതിപ്രദേശത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖം പൂർണസജ്ജമാകുമ്പോൾ രാജ്യത്തെ കപ്പൽ വ്യവസായമേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. അതിനനുസരിച്ച് കേരളത്തിന്റെ വികസനവഴികളും വൻതോതിൽ തുറക്കപ്പെടും. അഴിമതിയുടെ പഴുതുകൾ അടച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആരോപണങ്ങൾ ഉയർന്നതുകൊണ്ടുമാത്രം ഇതുപോലൊരു പദ്ധതി ഉപേക്ഷിക്കില്ല. ആരോപണങ്ങൾ അന്വേഷണത്തിലൂടെ കണ്ടെത്തി നടപടികളുമായി മുന്നോട്ടുപോകും. അതിനാണ് അന്വേഷണ കമ്മീഷൻ പ്രഖ്യാപിച്ചത്. പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തികരിക്കാനുള്ള നടപടികൾക്കാണ് മുൻഗണന. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പലിന് വരെ നങ്കൂരമിടാൻ കഴിയുന്നവിധത്തിലാണ് ബെർത്ത് നിർമിക്കുന്നത്. നിർമാണം ഈ രീതിയിൽ പുരോഗമിച്ചാൽ കണ്ടെയ്നർ വഴിയുള്ള ആഗോളവിപണന സാധ്യതകളിലേക്ക് അധികം വൈകാതെ വിഴിഞ്ഞം വഴിതുറക്കും. 10,000 ടി.ഇ.യുവിന് മുകളിലുള്ള കപ്പലുകളിലേക്ക് ചരക്ക് ഗതാഗതം മാറുന്ന സ്ഥിതിയാണ് ലോകമാകെ. ചരക്ക് ഗതാഗതത്തിൽ രാജ്യത്തിന്റെ തന്നെ പരിമിതികൾ മറികടക്കാൻ വിഴിഞ്ഞത്തിനാകും. നാടിന്റെ അനന്തമായ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തും. ദേശീയപാത, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയുമായുള്ള വിഴിഞ്ഞത്തിന്റെ സാമിപ്യം രാജ്യത്തെ പല തുറമുഖങ്ങൾക്കും അവകാശപ്പെടാനാകില്ല. വിഴിഞ്ഞത്തെ അന്താരാഷ്ട്ര ഹബ്ബാക്കാനുള്ള അനുകൂലഘടകം ഇതുമൂലമുണ്ട്. പദ്ധതിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള നടപടികളും സർക്കാർ കാര്യക്ഷമമായി കൈക്കൊള്ളുന്നുണ്ട്. ദേശീയപാത 66 മായി തുറമുഖത്തെ ബന്ധിപ്പിക്കൽ, റെയിൽപാതയുമായി ബന്ധമൊരുക്കാൻ 12 കിലോമീറ്റർ റെയിൽവേ ലൈൻ, വൈദ്യുതി എത്തിക്കൽ എന്നിവയ്ക്ക് സർക്കാർ നടപടികളെടുത്തിട്ടുണ്ട്. ജലപരിചണ പ്ലാന്റ് പ്രദേശവാസികൾക്കുകൂടി പ്രയോജനപ്പെടുംവിധത്തിൽ പ്രവർത്തനസജ്ജമാക്കി. പദ്ധതിക്കുള്ള പിന്തുണ നാട്ടുകാരിൽനിന്ന് നല്ലരീതിയിൽ ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ഉപജീവനമാർഗം നഷ്ടപ്പെടുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി മുമ്പാകെ 18,000ൽപരം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് ശരിയായ തീരുമാനം കൈക്കൊള്ളും. മൽസ്യബന്ധന തുറമുഖം, സീഫുഡ് പാർക്ക്, നൈപുണ്യവികസനം, ശുചീകരണപദ്ധതികൾ, ഖരമാലിന്യനിർമാർജനം, ആരോഗ്യ വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങി സാമൂഹികക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളും പ്രദേശത്ത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. മൊബൈൽ ഹെൽത്ത് യൂണിറ്റിന്റെ ഫ്ളാഗ് ഓഫും ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. അന്തർദേശീയ തുറമുഖ ശൃംഖലയ്ക്ക് ഇന്ത്യ നൽകുന്ന സംഭാവനയാണ് വിഴിഞ്ഞമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയപിന്തുണയും സഹകരണവുമുള്ളതിനാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനി പോർട്ട്സ് സി.ഇ.ഒ കരൺ അദാനി മുഖ്യാതിഥിയായിരുന്നു. സർക്കാരിന്റെ പിന്തുണയുള്ളതിനാലാണ് പദ്ധതിക്ക് ഇത്രയും പുരോഗതി ഉണ്ടാക്കാനായതെന്നും നിശ്ചിതസമയപരിധിക്ക് മുമ്പേ പദ്ധതി പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.വിൻസെന്റ് എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ സംബന്ധിച്ചു. അദാനി വിഴിഞ്ഞം പോർട്ട് ഡയറക്ടർ സന്തോഷ്‌കുമാർ മൊഹാപത്ര സ്വാഗതം പറഞ്ഞു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 800 മീറ്റർ നീളമുള്ള ബെർത്താണ് നിർമിക്കുന്നത്. ഇതിലൂടെ വലിയ കണ്ടെയ്നർ വാഹിനിക്കപ്പലുകൾക്ക് അടുക്കുവാനും കാര്യക്ഷമമായി ചരക്ക് കൈകാര്യം ചെയ്യാനും കഴിയും. ബെർത്തിനായി 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ വ്യാസമുള്ള 600 ഓളം പൈലുകളാണ് കടൽത്തട്ടിൽ താഴ്ത്തുന്നത്. 2019 ഡിസംബറോടെ തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാവുന്ന തരത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. മൂന്നു കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടറിന്റെ 595 മീറ്റർ നീളത്തിൽ കോർ നിർമാണം പൂർത്തിയായി. കണ്ടെയ്നർ യാർഡിനായി 53 ഹെക്ടർ സ്ഥലത്തിന്റെ 40 ശതമാനം നികത്തിയിട്ടുണ്ട്.