സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയില്ല; സെന്‍കുമാറും സര്‍ക്കാരുമായുള്ള പോര് തുടരുന്നു

0
153

സംസ്ഥാന പോലീസ് മേധാവിയും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു. പോലീസ് ആസ്ഥാനത്ത് താന്‍ നടത്തിയ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ രംഗത്തുവന്നതോടെയാണ് പോര് വീണ്ടും വാര്‍ത്തയാകുന്നത്. ഡി.ജി.പി. നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ മേയ് 20ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ നടപ്പാക്കാന്‍ സെന്‍കുമാര്‍ തയാറായിട്ടില്ല. പകരം ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയക്കുകയായിരുന്നു. രണ്ടാഴ്ചയായിട്ടും ഉത്തരവ് നടപ്പാക്കാത്ത സെന്‍കുമാറിന്റെ നടപടിക്കെതിരേ വിവാദം ഭയന്ന് ഒന്നും ചെയ്യാതിരിക്കുകയാണ് സര്‍ക്കാര്‍.

പൊലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനുകളിലെ ഫയലുകളുടെ ചിത്രങ്ങളും വിവരങ്ങളും സെന്‍കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ പകര്‍ത്തിയതായും ആക്ഷേപം ഉണ്ട്. സെന്‍കുമാറിനൊപ്പമുള്ള ഗണ്‍മാന്‍ എ.എസ്.ഐ. അനില്‍കുമാറിനെതിരെയാണ് ആക്ഷേപം. ഡി.ജി.പി. അറിയാതെ അദ്ദേഹത്തിന്റെ ഗണ്‍മാനെ സര്‍ക്കാര്‍ മാറ്റിയതും സെന്‍കുമാറിനെ പ്രകോപിപ്പിച്ചിരുന്നു. അനില്‍കുമാറിനെ മാതൃവകുപ്പിലേക്ക് മാറ്റാനുള്ള ഈ ഉത്തരവടക്കമാണ് നടപ്പാക്കാതെ സെന്‍കുമാര്‍ വൈകിപ്പിക്കുന്നത്.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ പൊലീസ് മേധാവിയായി തിരിച്ചെത്തിയ സെന്‍കുമാര്‍ ആദ്യം നല്‍കിയ ഉത്തരവുകളാണ് വിവാദമായത്. അകാരണമായി സ്ഥലംമാറ്റിയെന്ന് ചൂണ്ടികാണിച്ച് ജൂനിയര്‍ സൂപ്രണ്ട് ബീനാ കുമാരി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ നീക്കിയെന്നു കാണിച്ച് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി ബീനാ കുമാരി തസ്തികയില്‍ തുടരട്ടേയെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ നടപടികളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ സര്‍ക്കാരിന് കത്തയച്ചത്.