പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു വീണു മരിച്ച കോഴിക്കോട് പന്നിയൂര്‍കുളം മേലെ താന്നിക്കാട്ട് അച്ചുദേവിന്റെ (25) മൃതദേഹം ശനിയാഴ്ച ജന്മനാടായ പന്തീരാങ്കാവില്‍ തറവാട് ശ്മശാനത്തില്‍ സംസ്കരിക്കും. രാവിലെ 11 മുതല്‍ മൂന്നു വരെ പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.
മലയാളിയടക്കം രണ്ട് പൈലറ്റുമാരാണ് അപകടത്തില്‍ മരിച്ചത്. ചണ്ഡിഗഢ് സ്വദേശി സ്ക്വാഡ്രണ്‍ ലീഡര്‍ ദിവേശ പങ്കജാണ് അച്ചുവിനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ ഇന്നെത്തുന്ന മൃതദേഹം രാവിലെ 10 മുതല്‍ അഞ്ചു വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ശനിയാഴ്ച കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.
മേയ് 23നാണ് ഇവരുടെ വിമാനം അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് വന്‍ സൈനിക സന്നാഹത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കണ്ടെടുത്തത്. ബുധനാഴ്ചയാണ് ഇരു സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
റിട്ട. ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥനായ മേലെ താന്നിക്കാട്ട് വി.പി. സഹദേവെന്റയും റിട്ട. സി ആപ്റ്റ് ജീവനക്കാരി ജയശ്രീയുടെയും മകനാണ് അച്ചുദേവ്.