അമിത് ഷായ്ക്ക് മുന്നിൽ ബിഡിജെഎസ് ഒരു ആവശ്യവും ഉന്നയിച്ചില്ല: തുഷാർ വെള്ളാപ്പള്ളി

0
1478

മാധ്യമവാർത്തകൾ തള്ളിക്കളയുന്നു: തുഷാർ വെള്ളാപ്പള്ളി
മനോജ്‌

തിരുവനന്തപുരം:  ബിജെപി അധ്യക്ഷൻ അമിത് ഷായോട് ഒരു പദവിയും ബിഡിജെഎസ് ഉന്നയിച്ചിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി 24 കേരളയോട്  പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ തള്ളിക്കളയുന്നുവെന്നും തുഷാർ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. അതിനുള്ള ചർച്ചകളും ഒരുക്കങ്ങളും ആലോചിക്കലാണ് ഇന്നലത്തെ എൻഡിഎയോഗത്തിൽ നടന്നത്. ഇത് സംബന്ധമായി അമിത് ഷാ ഉന്നയിച്ച എല്ലാ കാര്യങ്ങളും ഞങ്ങൾ അംഗീകരിക്കുകയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യും. ഒന്നോ, രണ്ടോ ബോർഡ്, കോർപറേഷൻ പദവികൾ ഒരു വലിയ കാര്യമായി എൻഡിഎ കാണുന്നില്ല. ഇത്തരം പദവികളുടെ പിറകെ പോകാൻ ബിഡിജെഎസ് ഒരുക്കവുമല്ല.

വോട്ടിന്റെ കണക്കുകൾ ചോദിച്ചപ്പോൾ അമിത് ഷാ സീറ്റിന്റെ കാര്യം എടുത്തിട്ടു എന്ന മാധ്യമ വാർത്തയും അസംബന്ധമാണ്. ബിഡിജെഎസ് വോട്ടിന്റെ കണക്കുകൾ അമിത് ഷായ്ക്ക് മുന്നിൽ നിരത്തിയില്ല. സീറ്റ് പിടിക്കാൻ അമിത് ഷാ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തില്ല. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും, തിരഞ്ഞെടുപ്പിന് സജ്ജരാകാനുമാണ് ആവശ്യപ്പെട്ടത്.

യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 15 ശതമാനം വോട്ടിൽ നിന്നാണ് ബിജെപി ഭരണം പിടിച്ചത്. കേരളത്തിൽ വോട്ടിംഗ് ശതമാനം ഉയർന്നു പോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതിനെക്കാളും വലിയ മുന്നേറ്റം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഉണ്ടാകും. അത് കേരളം കാണാൻ പോകുന്ന കാര്യമാണ്. മറ്റു സ്റ്റേറ്റുകൾ ചൂണ്ടിക്കാട്ടിയത് ആ സ്റ്റേറ്റുകളിൽ ബിജെപി നടത്തിയ മുന്നേറ്റം കേരളത്തിൽ ആവർത്തിക്കും എന്ന് പറയാൻ വേണ്ടിയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടിയുള്ള വൻ മുന്നേറ്റം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക. ഇതാണ് കേരളത്തിലെ എൻഡിഎ അജണ്ട. അത് നടപ്പിലാകും. ഞങ്ങൾ നടപ്പിലാക്കും. തുഷാർ വെള്ളാപ്പള്ളി പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ബിഡിജെഎസിന്റെ ആദ്യ തിരഞ്ഞെടുപ്പ് ആയിരുന്നു. ആ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ വൻ മുന്നേറ്റത്തിനു ബിഡിജെഎസിന് കഴിഞ്ഞിട്ടുണ്ട്. അത് ഞങ്ങളുടെ വിലയിരുത്തലിൽ വ്യക്തമായിട്ടുണ്ട്.

എൻഡിഎ കേരളത്തിൽ ശക്തമാണ്. ആരും എൻഡിഎയിൽ വന്നിട്ടില്ലെങ്കിൽ കൂടി എൻഡിഎ ശക്തമാണ്. ഏഴോളം സീറ്റുകളിൽ എൻഡിഎ രണ്ടാമത് വന്നു എന്നുള്ളത് ആർക്ക് വിസ്മരിക്കാൻ കഴിയും. ഒരു സീറ്റ് എൻഡിഎ നേടിയില്ലേ. എല്ലാ സീറ്റുകളിലും വോട്ടിംഗ് ശതമാനം കുതിച്ചുയർന്നു. ഇത് എൻഡിഎയുടെ ശക്തിയാണ് കാണിക്കുന്നത്.

ഇതിനു മുൻപ് നടന്ന  നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിയുടെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു. ആ വോട്ടിംഗ് ശതമാനമാണ് ഇപ്പോൾ യുപിയിൽ കുതിച്ചുയർന്നിരിക്കുന്നത്. കേരളത്തിലും അത് സംഭവിക്കും. കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ പോവുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ എംപിമാർ ഉണ്ടാകും.

സാധാരണ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ആളുകൾ കോൺഗ്രസിന് വോട്ടു ചെയ്യും. സിപിഎമ്മിന് വോട്ടു ചെയ്യും. ഈ രണ്ടു പാർട്ടികൾക്ക് വോട്ടു ചെയ്തിട്ട് എന്താണ് ഗുണം എന്ന് വോട്ടർമാർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ തലത്തിൽ ഇവിടെയുണ്ട്. എന്താണ് നിലവിലെ കോൺഗ്രസിന്റെ അവസ്ഥ. ഇത് ജനങ്ങൾ കാണുന്നുണ്ട്. സിപിഎമ്മിന് വോട്ടു ചെയ്തിട്ട് എന്ത് ഗുണം. ഒരു മാറ്റവും വരുത്താൻ ഇരുപാർട്ടിക്ൾക്കും കഴിയില്ല.

സിപിഎം ദേശീയ തലത്തിൽ അസ്തമിച്ച് കഴിഞ്ഞിരിക്കുന്നു. പാർട്ടികൾക്ക് ജനങ്ങൾക്കിടയിൽ വേരോട്ടം ഉണ്ടാകണം. കോൺഗ്രസിനും, സിപിഎമ്മിനും ഇത്തരം വേരോട്ടം ദേശീയ തലത്തിൽ അപ്രത്യക്ഷമായ അവസ്ഥയിലാണ്. ജനങ്ങൾക്കിടയിൽ വേരോട്ടം ഇല്ലാത്ത പാർട്ടികളുടെ ആഹ്വാനം ജനങ്ങൾ ചെവി കൊള്ളില്ല. ഇത് ഇരുപാർട്ടികളും മനസിലാക്കിയാൽ നന്ന്. ഇത്തരമൊരു അനുഭവം, സാഹചര്യം  മുൻപ് കേരളത്തിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ ചിന്ത കേരളത്തിൽ വേരൂന്നിയിരിക്കുന്നു.

കേരളം ഈ രീതിയിൽ ചിന്തിക്കുമ്പോൾ എൻഡിഎ എംപിമാർ തിരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ വരും. പിന്നെ കേരളത്തിൽ ബിഡിജെഎസ്-എസ്എൻഡിപി അഭിപ്രായ വ്യത്യാസം നില നിൽക്കുന്നില്ല. മലപ്പുറം തിരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചില അഭിപ്രായങ്ങൾ പറഞ്ഞു. അത് എസ്എൻഡിപിയുടെ അഭിപ്രായമാണ്. ഇത്തരം വെടിപൊട്ടിക്കലുകൾ ഇനി ഉണ്ടാകില്ല.

ബിഡിജെഎസിനെ അങ്ങിനെ എസ്എൻഡിപി ലേബൽ ചെയ്യരുത്. ബിഡിജെഎസ് സ്വതന്ത്ര കക്ഷിയാണ്. എസ്എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കും എന്നെയുള്ളൂ. വിവിധ നേതാക്കൾ ബിഡിജെഎസിലുണ്ട്. മുസ്ലിം, ക്രിസ്ത്യൻ, മറ്റു സമുദായ നേതാക്കൾ എല്ലാം അടങ്ങിയതാണ് ബിഡിജെഎസ് നേതൃനിര.  ഈ നേതൃനിര വലിയ മുന്നേറ്റം എൻഡിഎയ്ക്ക് കേരളത്തിൽ ഉണ്ടാക്കും. തുഷാർ വെള്ളാപ്പള്ളി പറയുന്നു.