മിഷിഗണ്‍: അമേരിക്കയില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായി ജോലി ചെയ്യുന്ന യുവാവും, മൂന്ന് വയസുള്ള മകനും നീന്തല്‍കുളത്തില്‍ മുങ്ങി മരിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശിയായ നാഗരാജു സുരെപള്ളി (31), മൂന്നു വയസ്സുള്ള മകന് ആനന്തുമാണ് ചൊവ്വാഴ്ച മരിച്ചത്. ഭാര്യയ്ക്കും ഇളയ കുഞ്ഞിനുമൊപ്പമാണ് നാഗരാജു അമേരിക്കയില്‍ താമസിച്ചിരുന്നത്.
ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ നീന്തല്‍ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്തുകൂടി ക്ലബ് ഹൗസിലേക്ക് പോയ ദമ്പതികളാണ് മൃതദേഹങ്ങള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടതും പോലീസിനെ അറിയിച്ചിതും.
നീന്തല്‍ വസ്ത്രത്തിലല്ല ഇവരുവരുടേയും മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്ന് പോലീസ് സംശയിക്കുന്നു. മകന് ട്രൈസൈക്കിള്‍ ഓടിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണിരിക്കാം. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാഗരാജുവും മരിച്ചതെന്നും പോലീസ് കരുതുന്നു.
സംഭവത്തെ തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനായി സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ ധനശേഖരണം ആരംഭിച്ചു.