ഇതും ഇന്ത്യ, സംസ്‌ക്കരിക്കാന്‍ പണമില്ല; മകളുടെ മൃതദേഹം അച്ഛൻ അഴുക്കുചാലിലൊഴുക്കി

0
177
A human skull on the banks of river Yamuna in Wazirabad, New Delhi on May 5, 2013. According to some older sects of Hinduism, the human body is immersed in the river instead of burning it, and these toxic remains pollute the river for many years afterwards.

സംസ്‌കാര ചടങ്ങിനുള്ള പണമില്ലത്തതിനാൽ മകളുടെ മൃതദേഹം അച്ഛൻ അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിലെ മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകൾ ഭവാനിയുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കിയത്. പഴകി ദ്രവിച്ച ശരീരഭാഗങ്ങൾ അഴുക്കുചാലിൽ ഒഴുകിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

രണ്ടു വർഷം മുൻപ് ആത്മഹത്യ ചെയ്ത മകൻ സീതാറാമിന്റെ ശവസംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനു വേണ്ടി 50,000 രൂപ പലരിൽനിന്നായി പെന്റയ്യ കടം വാങ്ങിയിരുന്നു. ഇതിനു പിന്നാലെ, മകൾ ഭവാനിയുടെ ഋതുമതിയായ ചടങ്ങിനുവേണ്ടിയും 50,000 രൂപയോളം കടം വാങ്ങേണ്ടി വന്നു. വായ്പകൾ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്റയ്യ.

രണ്ടുദിവസം മുമ്പ് അയൽവീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പിടികൂടിയതിൽ മനംനൊന്താണ് ഭവാനി തൂങ്ങി മരിച്ചത്. ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരേയുമറിയിക്കാതെ അർധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നു.

മേയ് 31നാണ് വസ്ത്രവും മൃതദേഹത്തിന്റെ ഭാഗങ്ങളും അഴുക്കുചാലിൽ ഒഴുകി നടക്കുന്നത് കണ്ടത്. ഇതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിനിടയ്ക്കാണ് പെന്റയ്യയുടെ മകളെ മൂന്നാഴ്ചയോളമായി കാണാനില്ലെന്ന് വ്യക്തമയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരിദ്ര്യം മൂലം മകളുടെ മൃതദേഹം അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നുവെന്ന് സമ്മതിച്ചത്. മകളുടെ ആത്മഹത്യ മറച്ചുവച്ചതിനാൽ പെന്റയ്യയ്ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.