എന്‍.ഡി.എ. സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഏറെ പ്രചാരണം നല്കി അവതരിപ്പിച്ച മുദ്ര ലോണുകള്‍ക്കുള്ള പലിശ യാതൊരു മുന്നറിയിപ്പും കൂടാതെ എസ്.ബി.ഐ. 15 ശതമാനമാക്കി ഉയര്‍ത്തി. 9.8 ശതമാനത്തില്‍നിന്നും 15 ശതമാനത്തിലേക്ക് പലിശ ഉയര്‍ത്തിയത് കുറഞ്ഞ പലിശകണ്ട് ലോണെടുത്തവര്‍ക്ക് കനത്ത തിരിച്ചടിയാണ്.
ഈ തീരുമാനത്തോടെ ലയനത്തിനു മുമ്പ് എസ്.ബി.ടിയില്‍നിന്നും വായ്പയെടുത്തവര്‍ക്കും നിരക്ക് വര്‍ധന ബാധകമാകും. ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തി വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയ എസ്.ബി.ഐയുടെ തീരുമാനം പുതിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്.
2015ല്‍ ആരംഭിച്ച മുദ്ര ലോണ്‍ യോജനപ്രകാരം 9.8 ശതമാനം പലിശ നിരക്കില്‍ 50,000 മുതല്‍ 10 ലക്ഷം രൂപ വരെയായിരുന്നു വായ്പ നല്‍കിയിരുന്നത്. അഞ്ച് മുതല്‍ ഏഴു വര്‍ഷം വരെയായിരുന്നു തിരിച്ചടവ് കാലാവധി.