കുംബ്ലെയുമായി പ്രശ്നങ്ങളൊന്നുമില്ല: കോഹ്ലി

0
137

ഇന്ത്യൻ ടീമിൽ അസ്വാരസ്യങ്ങളുണ്ടെന്നും കളിക്കാരും പരിശീലകൻ അനിൽ കുംബ്ലെയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കുംബ്ലെയുമായി യാതൊരു വിധത്തിലുള്ള പ്രശ്നമില്ലെന്നും എല്ലാം നുണക്കഥകളാണെന്നും കോഹ്ലി വ്യക്തമാക്കി. ഞായറാഴ്ച്ച പാകിസ്താനെതിരായ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്ലി.

”കാര്യങ്ങളറിയാതെയാണ് ആളുകൾ സംസാരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിൽ എന്തു നടക്കുന്നുവെന്ന് അവർക്ക് എറിയില്ല. എന്നിട്ടും അവർ ടീമിനുള്ളിൽ പ്രശ്നങ്ങളാണെന്ന് പറഞ്ഞു പരത്തുന്നു. ഇങ്ങനെ നുണക്കഥകൾ പ്രചരിപ്പിക്കുന്നതു കൊണ്ട് എന്താണ് ലാഭം? പ്രധാന ടൂർണമെന്റിനോട് അനുബന്ധിച്ച് ഇത്തരത്തിൽ നുണക്കഥകളുണ്ടാക്കുന്നത് ആളുകളുടെ വിനോദമാണ്. ആ നുണക്കഥകളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇനി അറിയുകയും വേണ്ട. ടീം ഇപ്പോൾ പാകിസ്താനെതിരായ മത്സരത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുറത്തു വരുന്ന വാർത്തകൾ പോലെ ടീമിനുള്ളിൽ ഒരു പ്രശ്നവുമില്ല” കോഹ്ലി വ്യക്തമാക്കി.

കുംബ്ലെക്ക് പകരം പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചതിലും കോഹ്ലി തന്റെ അഭിപ്രായം വ്യക്തമാക്കി. ഇതിന് ഇത്രത്തോളം ഊഹാപോഹങ്ങൾ നടത്തുന്നത് എന്തിനാണെന്നും നുണക്കഥകൾ പറയുന്നവർ അവരുടെ ജീവിതമാർഗം തേടുമ്പോൾ ഇന്ത്യൻ ടീം കളിയിൽ ശ്രദ്ധിച്ച് അവരുടെ ജീവിതമാർഗം തേടുകയാണെന്നുമായിരുന്നു കോഹ്ലിയുടെ മറുപടി.

കുംബ്ലെയുമായി അഭിപ്രായവ്യത്യാസമുണ്ടാകുന്നതെന്ന് സാധാരണമാണെന്നും കോഹ്ലി പ്രതികരിച്ചു ” അഭിപ്രായവ്യത്യാസങ്ങളും സമാന അഭിപ്രായങ്ങളുമുണ്ടാകും. എനിക്ക് മുഴുവനായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല” കോഹ്ലി കൂട്ടിച്ചേർത്തു.

ഏതൊരു ഡ്രസ്സിങ് റൂമിലുമുണ്ടാകുന്നതു പോലെ ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യൻ ടീമിലുമുണ്ട്. നമ്മുടെ വീട്ടിൽ പോലും ചിലപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്. അതിനർഥം കുടുംബത്തിൽ മുഴുവൻ പ്രശ്നമുണ്ട് എന്നല്ലെന്നും കോഹ്ലി പറഞ്ഞു.

കുംബ്ലെയും കോലിയും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും കുംബ്ലെയുടെ പരിശീല രീതിയോട് യോജിച്ചു പോകാനാകില്ലെന്ന് കോഹ്ലി ബി.സി.സി.ഐയോട് പരാതിപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ ഇന്ത്യൻ ടീമിന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് കുംബ്ലെക്കെതിരെ ആരോപണം വരികിയും ചെയ്തിരുന്നു. അതിനിടയിൽ കുംബ്ലെയും കോഹ്ലിയും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. കോഹ്ലിയെ കുംബ്ലെ പരിശീലനത്തിന് സഹായിക്കുന്നതായിരുന്നു വീഡിയോയിലുള്ളത്. ഈ പ്രശ്നങ്ങളെല്ലാം ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിൽ നിൽക്കെയാണ് കോഹ്ലിയുടെ പ്രസ്താവന.