കേരളഹൌസിനു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം

0
269

ന്യൂഡൽഹി:പശുസംരക്ഷണത്തിന്റെ പേരിൽ ഡൽഹി കേരളഹൗസിൽ അതിക്രമം കാട്ടിയ ഭാരതീയ ഗോരക്ഷാ ക്രാന്തി പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഡൽഹി പൊലീസിന് പരാതി നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് റസിഡന്റ് കമ്മിഷണർ ബിശ്വാസ് മേത്ത ഇന്നലെ കൊണാട്ട്;പ്ളേസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മുഖ്യമന്ത്രി അടുത്തയാഴ്ച ഡൽഹി സന്ദർശിക്കാനിരിക്കെ കേരളഹൗസിന് സുരക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മനഃപൂർവം സംഘർഷം സൃഷ്ടിക്കാനാണ് ഗോ സംരക്ഷകർ കേരളഹൗസിൽ അതിക്രമിച്ചുകയറിയതെന്നും പരാതിയിലുണ്ട്.
കഴിഞ്ഞദിവസം രാത്രി ഇവർ കേരളഹൗസിൽ അതിക്രമിച്ചുകയറി മുദ്രാവാക്യം മുഴക്കുകയും പാൽവിതരണം നടത്തുകയുമായിരുന്നു. പ്രതിഷേധക്കാരെ തടയാതെ പൊലീസ് നോക്കിനിന്നത് വിമർശനത്തിനിടയാക്കിയിരുന്നു. പരാതി നൽകാൻ കേരളഹൗസ് അധികൃതർ തുടക്കത്തിൽ വിമുഖത കാട്ടി. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടുകയും പരാതി നൽകാൻ നിർദ്ദേശിക്കുകയും ചെയ്യുകയുമായിരുന്നു.
പ്രതിഷേധം തടയുന്നതിൽ പൊലീസിന്റെ വീഴ്ച പരിശോധിക്കണമെന്ന് റസിഡന്റ് കമ്മിഷണർ ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മിഷണറെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. തുടർച്ചയായ ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളഹൗസിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കണം. കേരളഹൗസിന്റെ ശാന്തിയും സമാധാനവും തകർക്കുന്ന ഒരു സംഭവവും അനുവദിക്കില്ല. നിക്ഷിപ്തതാത്പര്യക്കാരാണ് രാഷ്ട്രീയ കാരണങ്ങളാൽ അനാവശ്യ സംഘർഷം സൃഷ്ടിക്കുന്നതെന്നും സംഭവത്തെ പറ്റി മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും റസിഡന്റ് കമ്മിഷണർ പറഞ്ഞു.