കൊച്ചി മെട്രോ സൗരോർജ്ജ പദ്ധതി ഇന്ന് പിണറായി ഉദ്ഘാടനം ചെയ്യും

0
299

കൊച്ചി:  കൊച്ചി മെട്രോയുടെ അനുബന്ധമായി ഒരുക്കിയ  സൗരോർജ്ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.40ന് ആലുവ മെട്രോ സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാജ്യത്തെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ മെട്രോയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റേഷനുകളിലും മെട്രോ യാർഡിലും സോളാർ പാനലുകൾ സ്ഥാപിച്ചത്.  ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്ന 11 സ്റ്റേഷനുകളിലെ മേൽക്കൂരകളിലും  മുട്ടം യാർഡ് കെട്ടിടത്തിലുമാണ് സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്.  നിലവിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകളിൽ നിന്നായി എകദേശം 2.4 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവും. അവശേഷിക്കുന്ന 11 സ്റ്റേഷനുകളിൽ കൂടി പാനലുകൾ സ്ഥാപിക്കുമ്പോൾ ഇത് നാലു മെഗാവാട്ടായി ഉയരും.
റിന്യൂവബ്ൾ എനർജി സർവീസ് കമ്പനി (റെസ്‌കോ) മാതൃകയിലുള്ള കേരളത്തിലെ ആദ്യ നാലു മെഗാവാട്ട് സൗരോർജ്ജ പദ്ധതി കൂടിയാണ് കൊച്ചി മെട്രോയിലേത്.  കഴിഞ്ഞ ജൂലൈയിൽ നടത്തിയ ടെൻഡറിൽ വിജയിച്ച ഹീറോ ഫ്യൂച്ചർ എനർജിയാണ് പദ്ധതിക്ക് വേണ്ട 27 കോടി രൂപയോളം നിക്ഷേപിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന തപസ് എനർജിയാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും. കോഴിക്കോട് വിമാനത്താവളത്തിലെ സോളാർ പദ്ധതിക്കും  കൊച്ചി വിമാനത്താവളത്തിലെ ആദ്യഘട്ട സോളാർ പദ്ധതിക്കും നേതൃത്വം നൽകിയത് ഈ കമ്പനിയായിരുന്നു. 25 വർഷത്തേക്ക് യൂണിറ്റിന് 5.51 രൂപ നിരക്കിലാണ് കെ.എം.ആർ.എൽ ഇവരിൽ നിന്ന് വൈദ്യുതി വാങ്ങുക. രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 25 വർഷത്തിന് ശേഷം സോളാർ പാനലുകളുടെ അവകാശം കെ.എം.ആർ.എലിന് ലഭിക്കും. മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച സമയം മുതൽ പൊതുജനങ്ങളിൽ നിന്നുയർന്ന പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു സ്റ്റേഷനുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുക എന്നത്. വിശദമായ പഠനത്തിനുശേഷം ഈ നിർദ്ദേശം കെഎംആർഎൽ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയത്. ഒരു സ്റ്റേഷനിൽ നിന്ന് ശരാശരി 100-120 കിലോ വാട്ട് വൈദ്യുതിയാണ് ലഭിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടം മൂന്നു മാസത്തിനകം തുടങ്ങും.