തിരുവനന്തപുരം: കാട്ടാക്കടയിൽ അമ്മ മകളെ ചട്ടുകംകൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് എതിരെ നെയ്യാർ ഡാം പോലീസ് കേസെടുത്തു. കുറ്റിച്ചൽ ഉത്തരംകോട് ചപ്പാത്ത് പൂച്ചപ്പാറ കോളനിയിൽ സരിതയ്ക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തെ പഞ്ചായത്ത് അംഗം വത്സല രാജൻ നൽകിയ മൊഴിയെ തുടർന്നാണ് അമ്മയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പതിനൊന്നു വയസുകാരിയായ മകളുമായി അമ്മ വഴക്കുണ്ടായെന്നും പിന്നാലെ കുട്ടിയെ ചൂട് ചട്ടകംകൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നുമാണ് പരാതിക്കാരുടെ മൊഴി. കുട്ടിയെ അമ്മയും ബന്ധുക്കളും തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗമാണ് പോലീസിനെ വിവരം അറിയിച്ചത്.
കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ അമ്മ നൽകുന്നത് മറ്റൊരു മൊഴിയാണെന്ന് പോലീസ് പറയുന്നത്. വഴക്കിനിടെ അമ്മയുടെ കൈയിലിരുന്ന ചട്ടുകം പെണ്കുട്ടി പിടിച്ചതാണെന്നും അങ്ങനെയാണ് പൊള്ളലേറ്റതെന്നും അവർ പറയുന്നു. ഉത്തരംകോട് ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഷിമി.