ബിഹാർ ഹയർ സെക്കൻഡറി പരീക്ഷാ തിരിമറി: പ്ലസ്ടു ഒന്നാം റാങ്കുകാരൻ അറസ്റ്റിൽ

0
110

24 വയസ് എന്ന് രേഖയിൽ അവകാശപ്പെട്ട ഗണേഷ് കുമാറിന് 42 വയസുണ്ടെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി

പരീക്ഷാ ഫലം വന്ന ഉടൻ ഇയാൾ അപ്രത്യക്ഷനായ ബീഹാർ പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ,വയസ് സംബന്ധിച്ച രേഖയിൽ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിൽ. ഗണേഷ് കുമാർ ആണ് അറസ്റ്റിലായത്. ഇയാളുടെ പരീക്ഷാ ഫലം അടിയന്തരമായി റദ്ദ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഹ്യൂമാനറ്റീസ് പ്രധാന വിഷയമായി പരീക്ഷ  എഴുതിയ ഗണേഷ് കുമാർ ഇത്തവണ 82 ശതമാനം മാർക്ക് നേടിയിരുന്നു. എന്നാൽ ഇയാൾക്ക് തന്റെ അടിസ്ഥാന വിഷയത്തെ പറ്റി ഒന്നും അറിയില്ല എന്ന കാര്യം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

തുടർന്നുള്ള പരിശോധനയിൽ 24 വയസ് എന്ന് രേഖയിൽ അവകാശപ്പെട്ട ഗണേഷ് കുമാറിന് 42 വയസുണ്ടെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിലായിരുന്നു ഗണേഷ് കുമാറിന് തന്റെ വിഷയത്തെ പറ്റിയുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് പോലും മറുപടി പറയാൻ കഴിയാതിരുന്നത്.

അഴിമതിയും തട്ടിപ്പും നിറഞ്ഞതാണ് ബിഹാറിലെ പൊതുപരീക്ഷകൾ. കഴിഞ്ഞ തവണ പ്ലസ് ടു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയവരെ മാധ്യമങ്ങൾ അഭിമുഖം ചെയ്യാനെത്തിയതോടെയാണ് തട്ടിപ്പിന്റെ ഭീകരത ദേശീയശ്രദ്ധയിലെത്തുന്നത്. പരീക്ഷാ നടത്തിപ്പിലെ കർക്കശസ്വഭാവം കാരണം ഇക്കുറി 36 ശതമാനം വിദ്യാർഥികൾ മാത്രമാണ് ബിഹാറിൽ പ്ലസ് ടു പാസായത്. കൂട്ടത്തോൽവിയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.

ഗണേഷ്‌കുമാർ പിടിയിലായത് ഇങ്ങനെ

ഒന്നാം റാങ്ക് നേടി ഗണേഷ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടർ അയാളുടെ കോളേജിലെത്തി. എന്നാൽ അയാളെ കാണാൻ സാധിച്ചില്ല. തുടർന്ന് ഗണേഷ് കുമാറിന്റെ ചിത്രത്തിനായി റിപ്പോർട്ടർ ഇയാളുടെ അഡ്മിഷൻ കാർഡ് സംഘടിപ്പിച്ചു. ഇത് വിശദമായി പരിശോധിച്ചതോടെയാണ് പല സംശയങ്ങളും ഉയർന്നത്.

1993 ജൂൺ രണ്ടിനാണ് ജനിച്ചതെന്നാണ് ഗണേഷ് കുമാറിന്റെ അഡ്മിഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഇപ്പോൾ ഇയാൾക്ക് 24 വയസ്സ് പ്രായം. എന്തിനാണ് ജന്മനാടായ സരയ്യയിൽ നിന്ന് 250 കിലോമീറ്ററിലേറെ അകലയുള്ള ഈ കോളേജിൽ വന്ന് ഇയാൾ പഠിക്കുന്നത്.  റെഗുലർ വിദ്യാർഥിയായിട്ടും ഇയാൾ അഡ്മിഷൻ നേടിയ തീയതി കാർഡിൽ രേഖപ്പെടുത്തിയിട്ടില്ല.

പിന്നീട് കോളേജിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ അത്ര മിടുക്കനായ വിദ്യാർഥിയല്ലെന്നാണ് അറിഞ്ഞത്. ഗണേഷിന് ഒന്നാം റാങ്ക് കിട്ടിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കോളേജിന്റെ ഫൗണ്ടർ സെക്രട്ടറിയായ ജവഹർ പ്രസാദ് പറയുന്നത്.

ഗണേഷിന്റെ മാർക്ക് ഷീറ്റ് പരിശോധിച്ചതിൽ ഇയാൾ സംഗീതപഠനം പ്രാക്ടിക്കൽ പരീക്ഷയിൽ 70-ൽ 65 മാർക്കും തീയറയിൽ 30-ൽ 18 മാർക്കും നേടിയതായി കാണിക്കുന്നു. ഹിന്ദിയിൽ 100-ൽ 92 മാർക്കാണ് നേടിയത്.

എന്തായാലും സംശയം തീർക്കാനായി ദേശീയ മാധ്യമ സംഘം ജാർഖണ്ഡിലെ ഗണേഷ് കുമാറിന്റെ വീട്ടുകാരെ ഫോണിൽ വീട്ടിലേക്ക് ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ നാല് വർഷം മുൻപ് വീട് വിട്ട് പോയതാണ് ഗണേഷെന്ന് ഇയാളുടെ സഹോദരി പറഞ്ഞത്, അതിനു ശേഷം ഇയ്യാൾ ഒരിക്കലും വീടുമായി ബന്ധപ്പെട്ടിരുന്നില്ല എന്നും സഹോദരി വ്യക്തമാക്കി.