ദേശീയ പാതയോരത്തെ മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) സുപ്രീം കോടതിയിലേക്ക്. ദേശീയപാതാ പദവിയില്ലെന്ന കേന്ദ്ര വിജ്ഞാപനം ചൂണ്ടിക്കാട്ടി ചേര്‍ത്തല – തിരുവനന്തപുരം, കുറ്റിപ്പുറം – വളപട്ടണം പാതകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ബാറുടമകള്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാതയോരത്തെ മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെയാണ് കെ.സി.ബി.സി രംഗത്തെത്തിയിട്ടുള്ളത്. മദ്യശാലകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സഭാ മേലധ്യക്ഷന്മാര് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഗവര്‍ണറെയും സന്ദര്‍ശിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
പ്രഖ്യാപിത നിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സഭാമേലധ്യക്ഷന്മാര് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്യാശാലകള്‍ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം.