മദ്രാസ് ഐ.ഐ.ടിയിലെ മര്‍ദനം: മലയാളി വിദ്യാര്‍ഥിക്ക് തമിഴ് പാര്‍ട്ടികളുടെ പിന്തുണ

0
85

മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് മര്‍ദനമേറ്റ മലയാളിയായ സൂരജിന് തമിഴ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ. കോണ്‍ഗ്രസും നാം തമിഴര്‍ കക്ഷിയുമടക്കമുള്ളവരാണ് സൂരജിന് പിന്തുണ പ്രഖ്യാപിച്ചത്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും തിരുച്ചി ശിവ എം.പിയും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി സൂരജിനെ കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സൂരജിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ചെന്നൈയിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി സൂരജിനെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.